തിരുവനന്തപുരം: അടുത്തദിവസം പ്രവര്‍ത്തനം തുടങ്ങുന്ന പട്ടയ മിഷനില്‍ അഞ്ചുതല ദൗത്യസംഘങ്ങൾ പ്രവർത്തിക്കും. വില്ലേജ്തല ജനകീയ സമിതികള്‍ക്ക് നിര്‍ണായക പങ്കുമുണ്ടാകും. ഭൂമിക്ക് പട്ടയങ്ങള്‍ ലഭിക്കാത്തവരെയും ഇതുവരെ നിയമസാധുത ലഭിക്കാത്ത കീറാമുട്ടി പട്ടയങ്ങള്‍ കൈവശമുള്ളവരെയും കണ്ടെത്തി സര്‍ക്കാറിനെ അറിയിക്കേണ്ട സുപ്രധാന ചുമതല വില്ലേജ്തല സമിതികള്‍ക്കായിരിക്കും.
പട്ടയ മിഷനിലെ അഞ്ചുതല സമിതികളില്‍ അടിസ്ഥാന ഘടകവും വില്ലേജ്തല സമിതികളാകും. വില്ലേജ് ഓഫിസര്‍ കണ്‍വീനറായി എം.എല്‍.എ അല്ലെങ്കില്‍ എം.എൽ.എയുടെ പ്രതിനിധി, തദ്ദേശ സ്ഥാപന അധ്യക്ഷന്‍, തദ്ദേശ സ്ഥാപന അംഗം, അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാണ് വില്ലേജ്തല സമിതി. അര്‍ഹരായ ഒരാള്‍പോലും പ്രദേശത്ത് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതലയും വില്ലേജ്തല സമിതിയുടേതാകും. തൊട്ടുമുകളില്‍ തഹസില്‍ദാര്‍ അധ്യക്ഷനായ താലൂക്കുതല ദൗത്യസംഘവുമുണ്ടാകും. വില്ലേജ്തല ജനകീയ സമിതികളുടെ ശിപാര്‍ശ പരിശോധിച്ച് സാങ്കേതിക-നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് താലൂക്കുതല സമിതിയുടെ ചുമതലയാകും. പട്ടയവിതരണവുമായി ബന്ധപ്പെട്ട് ഏതുതലത്തിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടതെന്നും താലൂക്കുതല സമിതിയാണ് തീരുമാനിക്കേണ്ടത്.
കലക്ടര്‍ തലത്തില്‍ പട്ടയം നല്‍കേണ്ടതാണോ അതോ സംസ്ഥാനതല സമിതിക്ക് കൈമാറേണ്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ താലൂക്കുതല സമിതിയാണ് തീരുമാനമെടുക്കുക. കലക്ടര്‍ ചെയര്‍മാനായി ജില്ലതല ദൗത്യസംഘവും പ്രവര്‍ത്തിക്കും. ഡെപ്യൂട്ടി കലക്ടര്‍, സബ് കലക്ടര്‍, ആർ.ഡി.ഒ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സമിതിയിലുണ്ടാകും. സംസ്ഥാനതല ദൗത്യസംഘത്തിന് ലാന്‍ഡ് റവന്യൂ കമീഷണര്‍ നേതൃത്വം വഹിക്കും.
ജോയന്റ് കമീഷണര്‍ക്കാകും പട്ടയമിഷന്റെ ചുമതല. സംസ്ഥാന തലത്തില്‍ പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ ഈ സമിതിയാകും പരിഗണിക്കുക. എല്ലാ മാസവും യോഗം ചേര്‍ന്ന് അവലോകനം നടത്തും. മന്ത്രിസഭയുടെ പരിഗണനക്ക് അയക്കേണ്ട വിഷയങ്ങള്‍ സമയബന്ധിതമായി ചെയ്യേണ്ടതും സമിതിയുടെ ചുമതലയാകും. ഏറ്റവും ഉയര്‍ന്ന തലത്തില്‍ സംസ്ഥാനതല നിരീക്ഷണ സമിതി പ്രവര്‍ത്തിക്കും.
റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനാകുന്ന സമിതിയില്‍ വനം, പൊതുമരാമത്ത്, ഗതാഗതം, ജലവിഭവം, വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാര്‍ അംഗങ്ങളായിരിക്കും. സംസ്ഥാന-ജില്ല-താലൂക്കുതല ദൗത്യസംഘങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതും നിരീക്ഷണ സമിതികളാകും.
അര്‍ഹരായ എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെയാണ് റവന്യൂ വകുപ്പ് പട്ടയ മിഷന് നടപ്പാക്കുന്നത്. ഏപ്രിൽ 25ന് ഔപചാരിക ഉദ്ഘാടനം നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ലാന്‍ഡ് ബോര്‍ഡുകളിലായി നിലവിലുള്ള 1342 കേസുകളാണ് തീർപ്പാക്കേണ്ടത്. കേസുകള്‍ തീരുന്നതോടെ 23,000 ഏക്കര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനാകും. കേരളത്തില്‍ 1200ഓളം കോളനികളില്‍ താമസിക്കുന്ന 18,000 ലധികം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.