മാനന്തവാടി: പത്തനംതിട്ടയിലെ പോസ്റ്റർ വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ആരോപണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വ്യാജമായി വാർത്ത സൃഷ്ടിച്ച് തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്താനാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു. മാനന്തവാടിയിൽ വയനാട് മെഡിക്കൽ കോളജിന്‍റെ മൾട്ടി പർപ്പസ് കെട്ടിടത്തിന്‍റെയും കാത്ത് ലാബിന്‍റെയും ഉദ്ഘാടനത്തിനെത്തിയ അവർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പോസ്റ്ററൊട്ടിച്ചുവെന്ന വാർത്ത പുലർച്ച ഏഷ്യാനെറ്റ് ന്യൂസിൽ മാത്രമാണ് വന്നത്. താൻ അന്വേഷിച്ചപ്പോൾ, എല്ലാ മാധ്യമപ്രവർത്തകർക്കും അതിന്‍റെ വിഡിയോ വന്നത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പത്തനംതിട്ട റിപ്പോർട്ടറിൽനിന്നാണ്. രാത്രിയിൽ രണ്ടുമൂന്നു സ്ഥലങ്ങളിലായി ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ ചേർന്ന് ഉണ്ടാക്കിയ വ്യാജ വാർത്തയാണിതെന്നും 2016ൽ തെരഞ്ഞെടുപ്പ് സമയത്തും ഇതുപോലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും മന്ത്രി ആരോപിച്ചു.
തികച്ചും അപലപനീയമായ സംഭവമാണിത്. ഇതുസംബന്ധിച്ച് അന്വേഷണത്തിന് തയാറാകുമോയെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കണം. ‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം’ എന്ന പോസ്റ്ററാണ് പത്തനംതിട്ടയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിൽ പതിച്ചത്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മന്ത്രിക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.