പത്തനംതിട്ട: കടുത്ത വിഭാഗീയതകൾക്കിടെ ബി.ജെ.പി ജില്ല പ്രസിഡന്റായി വി.എ. സൂരജിനെ രണ്ടാം തവണയും പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു. സുരേന്ദ്രൻ പക്ഷക്കാരനായ സൂരജ് അട്ടിമറിയിലൂടെയാണ് സ്ഥാനം ഉറപ്പിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റുമാരിലും മുൻതൂക്കമുള്ള സുരേന്ദ്രൻ പക്ഷത്തിനാണ് ജില്ലയിൽ മേൽക്കൈ. ജനുവരി 13ന് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ജില്ല പ്രസിഡന്റ് വോട്ടെടുപ്പിൽ സൂരജിന്റെ നേതൃത്വത്തിൽ എതിർപക്ഷത്തെ കായികമായി അടിച്ചൊതുക്കിയെന്ന് പരാതികൾ ഉയർന്നിരുന്നു. സംസ്ഥാന നിരീക്ഷകരായി എത്തിയ വി.ടി. രമ, കരമന ജയൻ, ടി.പി. സിന്ധുമോൾ എന്നിവരുടെ സാന്നിധ്യത്തിലാണ് അന്ന് മർദനം അരങ്ങേറിയത്.
സമവായത്തിലൂടെ വി.എ. സൂരജിനെ നിലനിർത്താനുള്ള സംസ്ഥാന നിരീക്ഷകരുടെ ശ്രമം അന്ന് പാളുകയായിരുന്നു. തിരുവല്ലയിൽനിന്നുള്ള വിജയകുമാർ മണിപ്പുഴ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിന്നതോടെയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്. സൂരജിന് വോട്ട് രേഖപ്പെടുത്തി ഫോട്ടോ എടുത്ത് നേതൃത്വം ചുമതലപ്പെടുത്തിയ ആളുകളെ ബോധ്യപ്പെടുത്തണമെന്ന് വോട്ടവകാശമുള്ളവർക്ക് കർശന നിർദേശം നൽകിയതാണ് അന്ന് അടിപിടിയിൽ കലാശിച്ചത്. ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് ബിനോയി കെ. മാത്യുവിനാണ് അന്ന് ജില്ല കമ്മിറ്റി ഓഫിസിൽ ക്രൂര മർദനമേറ്റത്. ബി.ജെ.പി സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ പ്രസിഡന്റ് വി.എ. സൂരജിന്റെ ക്രൂരമായി മർദിച്ചതായി ബിനോയി സംസ്ഥാന നേതാക്കൾക്ക് പരാതിയും നൽകിയിരുന്നു.
വി.എ. സൂരജും ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂരും വധഭീഷണി മുഴക്കിയതായും വീട്ടിൽ കയറി മർദിക്കുമെന്നും പറഞ്ഞതായി ബിനോയി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായ കെ. സുരേന്ദ്രൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവർക്കാണ് അന്ന് ബിനോയി പരാതി നൽകിയത്. എന്നാൽ, പരാതി പാർട്ടി നേതാക്കൾ മുക്കുകയായിരുന്നു.
സുരേന്ദ്രൻ പക്ഷത്തിന്റെ ഏകപക്ഷീയ നീക്കങ്ങളിൽ നേരത്തേ നിയോജക മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുകളിലും സംഘർഷം നടന്നിരുന്നു. കെ. സുരേന്ദ്രൻ-കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ജില്ലയിലും രൂക്ഷമാണ്. ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ആർ.എസ്.എസിനു താൽപര്യമുള്ളയാളെന്ന നിലക്കാണ് സൂരജ് വീണ്ടും നേതൃസ്ഥാനത്തേക്ക് എത്തുന്നത്. വരുംദിവസങ്ങളിൽ ബി.ജെ.പിയിൽ വലിയ പൊട്ടിത്തെറിക്കും സാധ്യതയുണ്ട്.
പാർട്ടി ഓഫിസിൽ നടന്ന ചടങ്ങിൽ സംസ്ഥാന വക്താവും വരണാധികാരിയുമായ അഡ്വ. നാരായണൻ നമ്പൂതിരി, ജില്ല സഹവരണാധികാരി അജിത് പുല്ലാട്, സലിംകുമാർ എന്നിവരാണ് സൂരജിനെ ജില്ല പ്രസിഡന്റായി പ്രഖ്യാപിച്ചത്.
സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല സഹവരണാധികാരി അജിത് പുല്ലാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, ദേശീയ കൗൺസിൽ അംഗങ്ങളായ വി.എൻ. ഉണ്ണി, വിക്ടർ ടി. തോമസ്, സംസ്ഥാന സെൽ കോഓഡിനേറ്റർ അശോകൻ കുളനട, സംസ്ഥാന ഐ.ടി കൺവീനർ എസ്. ജയശങ്കർ, കെ. ബിനുമോൻ, പ്രദീപ് അയിരൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.