ഫയൽ
മാവൂർ: മാവൂർ-എളമരം റോഡിൽ ഗ്രാസിം ഫാക്ടറി കോമ്പൗണ്ടിൽ പുലിയെ കണ്ടതായി വഴിയാത്രക്കാരൻ. തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് മാവൂർ-കൂളിമാട് റോഡിൽ ഗ്രാസിം ഫാക്ടറിയുടെ പഴയ എട്ടാം ഗേറ്റിനുസമീപം പുലിയെ കണ്ടതായി പെരുവയൽ സ്വദേശി ശ്രീജിത് അറിയിച്ചത്. ഇയാൾ പെരുവയലിൽ നിന്നും ബൈക്കിൽ കൂളിമാട് ഭാഗത്തേക്ക് പോകുകയായിരുന്നു.
ഗ്രാസിം ഫാക്ടറി വളപ്പിൽനിന്ന് മതിൽ കടന്ന് റോഡിലേക്ക് ജീവി ചാടുകയായിരുന്നു. തുടർന്ന്, എതിർവശത്ത് ഗ്രാസിം ക്വാർട്ടേഴ്സ് വളപ്പിലേക്ക് മതിൽ ചാടിക്കടന്നു പോകുകയും ചെയ്തു. ഭയന്ന യാത്രക്കാരൻ എളമരം ഭാഗത്തെ കടകളിൽ വന്ന് വിവരം അറിയിക്കുകയായിരുന്നു. നീണ്ട വാലും രണ്ടര അടിയോളം ഉയരവുമുള്ള ജീവി പുലിയാണെന്ന് ഇയാൾ ഉറപ്പിച്ച് പറയുന്നു.
വിവരമറിയിച്ചതനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാക്ക്, ഗ്രാമപഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ സ്ഥലത്തെത്തി. ഗ്രാസിം ഫാക്ടറിയുടെയും ക്വാർട്ടേഴ്‌സുകളുടെയും വളപ്പ് വർഷങ്ങളായി കാടുമൂടി കിടക്കുകയാണ്. കാട്ടുപന്നികൾ അടക്കമുള്ള ജീവികളുടെ വിഹാര കേന്ദ്രമാണിത്. ഏത് ജീവിയാണെന്ന് സ്ഥിരീകരണം ലഭിക്കുന്നതുവരെ ഇതുവഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.