ഒരു മാധ്യമസ്ഥാപനവും നിരോധിക്കണമെന്ന നിലപാട് പാർട്ടിക്കില്ല -ജലീലിനെ തള്ളി എം.വി. ജയരാജനും

കണ്ണൂർ: ഒരു മാധ്യമസ്ഥാപനവും നിരോധിക്കണമെന്ന നിലപാട് പാർട്ടിക്കില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''മാധ്യമം' നിരോധിക്കണമെന്ന അഭിപ്രായം പാർട്ടിക്കില്ല. ജലീൽ ചെയ്തതായി പറയുന്നത് വിദേശത്തെ എഡിഷനിൽ ചില വാർത്തകൾ വന്നപ്പോൾ അത് തെറ്റായിരുന്നു, അത് ചിലരെ അപമാനിക്കുന്നതായിരുന്നു, അതാണ് സൂചിപ്പിച്ചത്. പാർട്ടി ഒരു മാധ്യമവും നിരോധിക്കുന്നതിനോട് യോജിക്കുന്നില്ല.' -എം.വി. ജയരാജൻ പറഞ്ഞു.

'മാധ്യമം' പത്രത്തിനെതിരെ നടപടിയാവശ്യപ്പെട്ട് യു.ഇ.ഇ അധികൃതർക്ക് മുൻ മന്ത്രി കെ.ടി. ജലീൽ കത്തയച്ചത് പാർട്ടി അറിവോടെയല്ലെന്ന് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. 'മാധ്യമം' പത്രം നിരോധിക്കുക എന്നത് പാർട്ടി നിലപാടല്ല. കെ.ടി. ജലീലിന്റേത് പ്രോട്ടോകോൾ ലംഘനമാണെങ്കിൽ നടപടി സ്വീകരിക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു..

അതേസമയം, സ്വപ്ന കോൺസൽ ജനറലിന്റെ പി.എയായിരിക്കെയാണ് 'മാധ്യമം' പത്രത്തിനെതിരെ വാട്സ്ആപ്പിൽ കത്തയച്ചത് എന്ന മുൻമന്ത്രി കെ.ടി. ജലീലിന്റെ വാദം കള്ളമാണെന്ന് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്. 'ജലീൽ സർ പറഞ്ഞത് കള്ളമാണ്. മാധ്യമം പത്രത്തെ എങ്ങനെയെങ്കിലും തകർക്കണമെന്നും പൂട്ടിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിയായിരിക്കെ അദ്ദേഹം നിരന്തരം വിളിക്കാറുണ്ടായിരുന്നു. ആ സമയത്ത് ഞാൻ പി.എ ആയിരുന്നില്ല. പി.എ ടു കോൺസൽ ജനറൽ എന്ന ബന്ധത്തിലല്ല എനിക്ക് ആ കത്ത് അയച്ചുതന്നത്. ഞാൻ 2019 സെപ്തംബറിൽ ജോലി വിട്ടിരുന്നു. 2020 ജൂൺ 25നാണ് കത്തയച്ചത്' -സ്വപ്‌ന സുരേഷ് പറഞ്ഞു.

'മാധ്യമം' പൂട്ടിക്കണമെന്നോ നിരോധിക്കണമെന്നോ താൻ പറഞ്ഞിട്ടില്ല എന്ന ജലീലിന്റെ വാദവും സ്വപ്ന തള്ളിക്കളഞ്ഞു. 'പത്രത്തെ എങ്ങനെയെങ്കിലും തകർക്കണമെന്നും പൂട്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനാണ് കത്തയച്ചത്. എന്നാൽ, സാധാരണ ഇംഗ്ലീഷിൽ കത്തയക്കുമ്പോൾ 'take appropriate action' എന്നേ എഴുതാറുള്ളൂ. അല്ലാതെ മറ്റൊന്നും എഴുതില്ല' -സ്വപ്ന പറഞ്ഞു.

Tags:    
News Summary - party does not want to ban any media outlet says MV Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.