കുന്നംകുളം: നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ നാല് വയസ്സുകാരി അപകടത്തിൽപ്പെട്ടു. വാഹനത്തിന്റെ ആക്‌സിലേറ്റർ അബദ്ധത്തിൽ പ്രവർത്തിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിയുകയായിരുന്നു. മരത്തംകോട് അമ്പലം പള്ളി സ്വദേശി ബിന്നി-സീമ ദമ്പതികളുടെ മകൾ എൽസിയാണ് അപകടത്തിൽപ്പെട്ടത്. ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് സംഭവം. കുട്ടിയുടെ മുത്തച്ഛൻ ഓട്ടോറിക്ഷ ഓടിച്ചുവന്ന ശേഷം വാഹനം ഓഫ് ചെയ്യാൻ മറന്നിരുന്നു. ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് കയറിയ സമയത്താണ് കുട്ടി ഓട്ടോറിക്ഷയിൽ കയറി കളിക്കാൻ തുടങ്ങിയത്. ഈ സമയം അബദ്ധത്തിൽ വാഹനത്തിന്റെ ആക്‌സിലേറ്റർ തിരിക്കുകയും, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി വീടിനോട് ചേർന്നുള്ള കിണറ്റിലേക്ക് പതിക്കുകയുമായിരുന്നു.
കുട്ടി ഓട്ടോറിക്ഷയ്ക്കൊപ്പം തന്നെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അയൽവാസി ഉടൻ തന്നെ കിണറ്റിലിറങ്ങി കുട്ടിയെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു. വിവരമറിഞ്ഞ് കുന്നംകുളം ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി കിണറ്റിൽ വീണ ഓട്ടോറിക്ഷ പുറത്തെടുത്തു. കുന്നംകുളം എസ്.എച്ച്.ഒ എസ്.ആർ. സനീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നിസാര പരിക്കുകളേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.