മുഖ്യമന്ത്രിയുടെ ഉറപ്പ്: പരിഹാരമാവുമോ പരിയാരത്തിന്‍െറ പ്രശ്നങ്ങള്‍ക്ക്

പയ്യന്നൂര്‍: സാമ്പത്തികവും നിയമപരവുമായ പ്രശ്നങ്ങളില്‍പെട്ട് ഉഴലുന്ന പരിയാരം മെഡിക്കല്‍ കോളജിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം പ്രതീക്ഷക്ക് വകനല്‍കുന്നു. പരിയാരം ഉള്‍പ്പെടെയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് പരിയാരത്തിന്‍െറ പേരില്‍ ആശങ്കവേണ്ടെന്നും അത് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത്.
പ്രതിപക്ഷ ബഹളത്തിനിടയില്‍ ഈ വാക്കുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ളെങ്കിലും കോളജ് സര്‍ക്കാര്‍ മേഖലയിലാവണമെന്നത് സര്‍ക്കാര്‍നയത്തിന്‍െറ ഭാഗമാണെന്ന സൂചന ഈ പ്രസംഗം നല്‍കുന്നുണ്ട്.

സര്‍ക്കാര്‍ സഹായമില്ലാതെ സ്ഥാപനത്തിന് നിലനില്‍ക്കാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞദിവസം പരിയാരത്ത് നടന്ന കേരള കോഓപറേറ്റിവ് ഹോസ്പിറ്റല്‍ കോംപ്ളക്സ് (കെ.സി.എച്ച്.സി) ജനറല്‍ ബോഡി യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടായിരുന്നു. പങ്കെടുത്ത സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ ചിലര്‍മാത്രമാണ് സഹകരണമേഖലയില്‍ നിലനിര്‍ത്തണമെന്ന് വാദിച്ചത്.

കടക്കെണിയിലായ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോട് അനുകൂലനിലപാടാണ് മുന്‍ ചെയര്‍മാന്‍ എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്.
കൂടാതെ, സര്‍ക്കാര്‍സ്ഥലവും കെട്ടിടങ്ങളും മറ്റും ഉപയോഗിച്ച് പടുത്തുയര്‍ത്തിയ സ്ഥാപനം സര്‍ക്കാര്‍ മേഖലയിലാക്കണമെന്ന ആവശ്യവും പൊതുവില്‍ ശക്തമാണ്. ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹരജിയില്‍ സൗജന്യചികിത്സ നല്‍കണമെന്ന ഹൈകോടതി വിധിയും നിലവിലുണ്ട്.വി.എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തിലുള്ള കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ സഹകരണമേഖലയിലെ ആദ്യ മെഡിക്കല്‍ കോളജിന് 10 കോടി രൂപ അനുവദിച്ചെങ്കിലും പൂര്‍ണമായും ലഭിച്ചില്ല.

അതേസമയം, ജില്ലയില്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന തീരുമാനപ്രകാരം കണ്ണൂരില്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍െറഭാഗമായി അവസാന ബജറ്റില്‍ 100 കോടി രൂപ നീക്കിവെച്ചിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള എല്‍.ഡി.എഫ് ബജറ്റില്‍ തുക വകയിരുത്തിയില്ല.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയും മറ്റ് മന്ത്രിമാരും നിരവധിതവണ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയെങ്കിലും വാഗ്ദാനങ്ങള്‍ ജലരേഖയായി. ഇതുസംബന്ധിച്ച് തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതിയും രൂപവത്കരിച്ചിരുന്നു. ഹഡ്കോ വായ്പയുടെ പലിശ കുറക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഹഡ്കോ ചെയര്‍മാനുമായി സംസാരിച്ചുവെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഇതും ഏറ്റെടുക്കലിനെ പിറകോട്ടുവലിച്ചു.

ജീവനക്കാരെ മുഴുവന്‍ നിലനിര്‍ത്തി ഏറ്റെടുക്കാനാവില്ല എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതും തീരുമാനം നീളാനിടയായി. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ മൂന്നുതവണ കോളജ് സന്ദര്‍ശിച്ച് നടത്തിയ അന്വേഷണത്തിലും ഉദ്യോഗസ്ഥബാഹുല്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കി ഏറ്റെടുക്കാന്‍ അനുവദിക്കില്ളെന്ന നിലപാടാണ് അന്ന് സി.പി.എം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഈ സര്‍ക്കാര്‍ ഏറ്റെടുക്കുന്നെങ്കില്‍ മുഴുവന്‍ ജീവനക്കാരെയും നിലനിര്‍ത്തേണ്ടിവരും. ധനകാര്യവകുപ്പുമായും മറ്റും ചര്‍ച്ചചെയ്തുമാത്രമേ ഇത് തീരുമാനിക്കാനാവൂ. അതേസമയം, മെഡിക്കല്‍ കോളജിന്‍െറ അംഗീകാരവും തുലാസിലാണ്.

കഴിഞ്ഞമാസമാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയത്. ഇവരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരിക്കും അംഗീകാരം സംബന്ധിച്ച തീരുമാനമുണ്ടാവുക. മെഡിക്കല്‍ കോളജുകള്‍ക്ക് സ്വന്തമായി സ്ഥലം വേണമെന്നാണ് നിയമം. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി ഇത് മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധികളെ ബോധ്യപ്പെടുത്തിയിരുന്നു.

ഇതും അംഗീകാരം അനിശ്ചിതത്വത്തിലാകാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാല്‍ സ്ഥാപനത്തിന്‍െറ നിലനില്‍പിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - pariyaram medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.