പറവൂരിലെ ഭക്ഷ്യവിഷബാധ; ഹോട്ടൽ പാചകക്കാരൻ അറസ്റ്റിൽ

പറവൂർ (കൊച്ചി): പറവൂരിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 70ഓളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ പാചകക്കാരൻ പിടിയിൽ. പറവൂർ ടൗണിൽ നഗരസഭ ഓഫിസിന് സമീപം പ്രവർത്തിക്കുന്ന മജ്ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരൻ കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാരാണ് (50) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിതന്നെ ഉടമക്കെതിരെയും ജീവനക്കാർക്കെതിരെയും മനപ്പൂർവമല്ലാത്ത നരഹത്യക്ക് പറവൂർ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ഉടമയുടെ പേര് പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലില്ല. സംഭവശേഷം ഇയാൾ ഒളിവിലാണ്. ഹസൈനാരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹോട്ടലിന്‍റെ ലൈസൻസ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

ഹോട്ടലിൽനിന്ന് കുഴിമന്തി, അൽഫാം, ഷവായ് എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. നിലവിൽ താലൂക്ക് ആശുപ്രതിയിൽ ആറു പേർ മാത്രമാണ് ചികിത്സയിലുള്ളത്. ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുതുതായി മൂന്നുപേർ ചികിത്സ തേടിയിരുന്നു.

ഹോട്ടലിന്‍റെ ഒരു കെട്ടിടത്തിനുമാത്രമേ ലൈസൻസുള്ളൂ. കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമായി ഇവർ പ്രധാന കെട്ടിടത്തിനോട് ചേർന്നും മുൻഭാഗത്തുമായി അനധികൃത നിർമാണങ്ങൾ നടത്തിയിരുന്നു. പരാതികൾ ഉണ്ടായപ്പോൾ അദാലത് സംഘടിപ്പിച്ച് പ്രധാന കെട്ടിടത്തോട് ചേർന്ന നിർമാണത്തിന് 35,000 രൂപ നികുതി ഈടാക്കി യു.എ നമ്പർ നൽകിയിട്ടുണ്ടെന്നാണ് നഗരസഭ അധികൃതർ അറിയിച്ചത്.

ഹോട്ടലിന്‍റെ മുൻഭാഗത്ത് ഒരു ടീ സ്റ്റാളും അനധികൃതമായി നിർമിച്ചിരുന്നു.അതിനിടെ, ബുധനാഴ്ച രാവിലെ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ കണ്ടെടുത്തതിനെത്തുടർന്ന് പറവൂർ അമ്മൻകോവിൽ റോഡിലെ കുമ്പാരി ഹോട്ടൽ അടച്ചുപൂട്ടി. 

Tags:    
News Summary - Paravoor cook arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.