‘മുഹമ്മദ് കാസിം എന്ന പയ്യനെ പിറ്റേന്ന് മുതൽ ഒരു ഭീകരനായാണ് ജനം കണ്ടത്; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരു വിട്ടുവീഴ്ചയുമില്ല’ -പാറക്കൽ അബ്ദുല്ല
കോഴിക്കോട്: വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രത്യേക അന്വേഷണസംഘത്തിന് വിട്ട നടപടിയെ സ്വാഗതം ചെയ്ത് പാറക്കൽ അബ്ദുല്ല എം.എൽ.എ. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എപ്പോഴെങ്കിലും സി.പി.എം കോടതിയിൽ പോവുകയോ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
‘സി.പി.എമ്മിന് ഈ കേസിൽ എന്താണ് നിലപാട്? ഇതിന് പിന്നിൽ മുസ്‍ലിം ലീഗ് ആണ്, യു.ഡി.എഫ് ആണ്, മുഹമ്മദ് കാസിം ആണ് എന്ന് അവരാണല്ലോ പറയുന്നത്. ആളെ ഐഡന്റിഫൈ ചെയ്തതായും ഇന്നയാളുടെ ഫോണിൽ നിന്നാണ് വന്നത് എന്നുമൊക്കെ അവർ പറഞ്ഞു. മുഹമ്മദ് കാസിം എന്ന് പറയുന്ന ചെറിയ പയ്യനെ പിറ്റേദിവസം മുതൽ ഒരു ഭീകരനായാണ് ജനം കണ്ടത്. വലിയ പ്രശ്നമായിരുന്നു അവൻ നേരിട്ടത്. പുറത്തിറങ്ങാൻ പറ്റുന്നില്ല, ചെറിയൊരു ബിസിനസ് നടത്തുന്ന അവന് അവിടെ പോകാൻ കഴിയുന്നില്ല, കല്യാണ വീടുകളിലോ മരണവീടുകളിലോ പോകാൻ പറ്റുന്നില്ല. എല്ലാവരും അവനെ എന്തോ ഒരു അപകടകാരിയെന്ന പോലെയാണ് കണ്ടത്. അത് മാത്രമല്ല വടകരയിലെ രാഷ്ട്രീയം അനുസരിച്ച് ഏത് സമയവും ഇതിന്റെ പേരിൽ ആക്രമിക്കപ്പെടാം എന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നു.
അതിനാൽ, ഇതിൽ ഞങ്ങൾ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആരാണോ ഇത് ചെയ്തത്, അത് പുറത്തുവരണം. എങ്കിലേ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലുള്ള നരേറ്റീവ് ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഏർപ്പാട് നിർത്താനും സമാധാനത്തോടെ ജീവിക്കാനും കഴിയൂ’ -പാറക്കൽ അബ്ദുല്ല പറഞ്ഞു.
കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പാറക്കൽ അബ്ദുല്ല എം.എൽ.എ നൽകിയ കത്തിനെ തുടർന്നാണ് എസ്.ഐ.ടി രൂപവത്കരിച്ചത്. ഇടതു സർക്കാറിന്റെ കാലത്ത് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച കേസാണ് സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ പുനരന്വേഷിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു വടകര മണ്ഡലത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ‘കാഫിർ സ്ക്രീൻ ഷോട്ട്’ വിവാദം ഉടലെടുത്തത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസമായിരുന്നു വിവാദ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വടകര എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജക്കെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളിലാണ് ‘കാഫിർ സ്ക്രീൻഷോട്ട്’ എന്ന പേരിൽ സന്ദേശം പ്രചരിപ്പിച്ചത്. ‘മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനാർഥി... ആർക്കാണ് നമ്മൾ വോട്ട് ചെയ്യേണ്ടത്... നമ്മളിൽ പെട്ടവനല്ലേ... ചിന്തിച്ചു വോട്ട് ചെയ്യുക...’ എന്ന രീതിയിലായിരുന്നു സ്ക്രീൻഷോർട്ട് പ്രചരിച്ചത്. പി.കെ. മുഹമ്മദ് കാസിം എന്നയാൾ വാട്സ്ആപ്പിൽ അയച്ചെന്ന് വരുത്തിതീർത്താണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്.
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഇതു സംബന്ധിച്ച് പൊലീസിന് നൽകിയ പരാതിയിൽ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ കേസെടുത്തിരുന്നു. എന്നാൽ, അന്വേഷണം ചെന്നെത്തിയത് ഡി.വൈ.എഫ്.ഐ നേതാവിലേക്കായിരുന്നു. ഇടത് സൈബർ ഗ്രൂപ്പുകളായ ‘പോരാളി ഷാജി’യുടെ അഡ്മിൻ, ‘അമ്പാടിമുക്ക് സാഖാക്കൾ’ പേജിന്റെ അഡ്മിൻ എന്നിവരും സന്ദേശം പ്രചരിപ്പിച്ചെന്ന് കണ്ടെത്തി. ഇവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടെങ്കിലും പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നതായി വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് നൽകുകയായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വലിയ വിവാദം സൃഷ്ടിച്ച സംഭവത്തിൽ സ്ക്രീൻഷോട്ട് ആര് സൃഷ്ടിച്ചുവെന്നത് കണ്ടെത്താൻ പൊലീസിനായില്ല. ഇതിന് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ചും അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചില്ല. പുതിയ സാഹചര്യത്തിൽ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ വീണ്ടും അപേക്ഷ നൽകി കേസിൽ തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം.
കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരനാണ് എസ്.ഐ.ടി തലവൻ. കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സംഘത്തിന്റെ പ്രവർത്തനം. വടകര ഇൻസ്‌പെക്ടർ എ.വി. ദിനേശ്, എസ്.ഐ കെ.രഞ്ജിത്ത്, ക്രൈബ്രാഞ്ച് എസ്.സി.പി.ഒമാരായ കെ.ബി വിജേഷ്, കെ.സുധീഷ്, വടകര സ്റ്റേഷനിലെ ശ്രീജ, സൈബർ സെല്ലിലെ റിജേഷ്, സരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 410/2024, 411/2024 എന്നീ രണ്ട് കേസുകളാണ് പ്രത്യേക സംഘം അന്വേഷിക്കുക. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് ഐ.പി.സി 153 എ വകുപ്പ് പ്രകാരമുള്ള ഒരു കേസ്. വ്യാജ സന്ദേശങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയും സമൂഹത്തിൽ ലഹളയും സമാധാന ലംഘനവും ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഐ.പി.സി 153, കേരള പോലീസ് ആക്ട് 120(ഒ) എന്നീ വകുപ്പുകൾ പ്രകാരമുള്ള രണ്ടാമത്തെ കേസ്.
അന്വേഷണ പുരോഗതി വിലയിരുത്തി ഓരോ രണ്ടാഴ്ച കൂടുമ്പോഴും പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.