പ്രതീകാത്മക ചിത്രം

‘അയ്യപ്പ സം​ഗമം കൊണ്ട് സാധാരണ ഭക്തർക്ക് എന്ത് ​ഗുണം? ’ പന്തളം കൊട്ടാരം

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമത്തിൽ വിമർശനവുമായി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം. സംസ്ഥാന സർക്കാർ അയ്യപ്പസം​ഗമം നടത്തുന്നതിൽ സാധാരണ ഭക്തർക്ക് എന്തു ഗുണമാണുണ്ടാവുകയെന്ന് പന്തളം കൊട്ടാരം ചോദിച്ചു. യുവതി പ്രവേശന കാലത്തെ കേസുകൾ പിൻവലിക്കണമെന്നും 2018 ൽ ഉണ്ടായ നടപടികൾ ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് സർക്കാർ ഭക്തർക്ക് ഉറപ്പ് നൽകണമെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം ആവശ്യപ്പെട്ടു. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണം. തങ്ങൾക്ക് രാഷ്ട്രീയമില്ല, ആചാര സംരക്ഷണത്തിനായി നിലകൊളളുമെന്നും നിര്‍വ്വാഹക സംഘം സെക്രട്ടറി എം.ആർ.എസ് വര്‍മ്മ പറഞ്ഞു.

കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച എൻ.എസ്.എസിനെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ശബരിമല പ്രക്ഷോഭ കേസുകളുടെ പേരിൽ കരയോഗാംഗങ്ങള്‍ക്കും മക്കള്‍ക്കും പാസ്പോര്‍ട്ട് പോലും എടുക്കാനായില്ലെന്ന് എൻ.എസ്.എസ് ഓര്‍ക്കണമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. എൻ.എസ്.എസ് പിന്തുണയ്ക്കുമ്പോള്‍ സംഗമം ഇലക്ഷൻ സ്റ്റണ്ടെന്ന് സംശയിക്കുകയാണെന്നാണ് യോഗക്ഷേമ സഭ പ്രതികരിച്ചത്. അതേസമയം, എൻ.എസ്.എസ് പിന്തുണ ഊര്‍ജ്ജവും പ്രോത്സാഹനവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രതികരിച്ചു.

ബി.ജെ.പി വിമർശനത്തിന് പിന്നാലെ, ആഗോള അയ്യപ്പ സംഗമത്തിന് പരിപൂർണ്ണ പിന്തുണ ഇല്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി. സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്നും നിർദ്ദേശിച്ചു. ആചാരത്തിന് കോട്ടം ഇല്ലെങ്കിൽ നല്ലത്. സമിതി നേതൃത്വം രാഷ്ട്രീയ മുക്തമാകണമെന്ന നിർദേശവും എൻ.എസ്.എസ് മുന്നോട്ട് വെച്ചു. നിലവിൽ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയിൽ മന്ത്രിമാരും അംഗങ്ങളാണ്. 

Tags:    
News Summary - panthalam palace criticize ayyappa sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.