പാങ്ങ് (മലപ്പുറം): കൊയ്തൊഴിഞ്ഞ പാങ്ങ് ചേണ്ടി പാടത്തെ സെവൻസ് ഫുട്ബാൾ ടൂൺമെന്‍റിൽ കാൽപന്തിന്‍റെ താളത്തിനൊപ്പം ആരവം മുഴക്കുമ്പോൾ അവരറിഞ്ഞിരുന്നില്ല, ഒരാഴ്ചക്കപ്പുറം ദുഃഖഭാരത്തോടെ നാടൊന്നാകെ ഒരുമിച്ച് കൂടേണ്ടി വരുമെന്ന്. നാം വിചാരിക്കുന്നത് പോലെയാവില്ലല്ലോ കാര്യങ്ങൾ നടക്കുകയെന്ന് കരുതി സമാധാനിക്കാൻ ശ്രമിക്കുകയാണ് ഇന്നാട്ടുകാർ. നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം ഏൽപിച്ച ആഘാതത്തിൽനിന്ന് മുക്തമാകാൻ ഗ്രാമത്തിന് കഴിഞ്ഞിട്ടില്ല.
വാൽപാറ ചുരം അപകടത്തിൽ ഒമ്പത് പേർ മരിച്ചതിന്റെ ആഘാതത്തിൽ കഴിയുന്ന പാങ്ങിലേക്ക് ഞായറാഴ്ചയും വിവിധ പ്രദേശങ്ങളിൽനിന്ന് ആളുകളൊഴുകി. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം തുടങ്ങിയവർ പ്രദേശത്തെത്തി. വാൽപാറ വാഹനാപകടത്തിൽ മരിച്ച റംല, സുഹ്റ, മുഹമ്മദ് ഹിഷാം, അബ്ദുൽ മജീദ്, റുഖിയ, സാജിത, ഷക്കീല എന്നിവരുടെ പാങ്ങിലെ വീടുകളിലും പി. അജിതയുടെ പുലാമന്തോൾ പാലൂരിലെ വീട്ടിലും ആശയുടെ കൊളത്തൂരിലെ വീട്ടിലും നേതാക്കളെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജില്ല-പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരും ദുഃഖം തളംകെട്ടി നിൽക്കുന്ന വീടുകളിൽ ആശ്വാസവചനങ്ങളുമായി ചെന്നു.
ആറ് അധ്യാപകരുടെ മരണത്തോടെ അനാഥമായ പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിന്‍റെ മുറ്റത്തേക്ക് പ്രിയ അധ്യാപകരൊത്തുള്ള ഓർമകളുമായി രക്ഷിതാക്കളുടെ കൈപിടിച്ച് കുട്ടികൾ ഞായറാഴ്ചയും വന്നു. സുഹൃത്തുക്കളെപ്പോലുള്ള അധ്യാപകരെ തങ്ങൾക്ക് സമ്മാനിച്ച കലാലയത്തിലേക്ക് നോക്കിനിന്ന് അവർ കണ്ണീർ പൊഴിച്ചു. ജൂണിൽ പുത്തൻ യൂനിഫോമണിഞ്ഞ് ഈ മുറ്റത്തെത്തുമ്പോൾ അത്രമേൽ പ്രിയപ്പെട്ട അധ്യാപകരെയും സാജിത താത്തയെയും കാണാനാകില്ലല്ലോ എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ആ കുഞ്ഞു മനസ്സുകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ഞായറാഴ്ച വൈകീട്ട് സ്കൂളിൽ നടന്ന അനുസ്മരണ യോഗം വൈകാരിക നിമിഷങ്ങളുടേതായിരുന്നു. യോഗത്തിൽ ഉറ്റവരെ കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകൾ മുഴുമിപ്പിക്കാനാകാതെ പലരും പൊട്ടിക്കരഞ്ഞു. സദസ്സിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർക്ക് കരച്ചിലടക്കാനായില്ല.സ്കൂളിലെ മുൻ അധ്യാപകരും പി.ടി.എ ഭാരവാഹികളും സമീപ സ്കൂളുകളിലെ അധ്യാപകരും നാട്ടുകാരുമെല്ലാം യോഗത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.