തദ്ദേശ തോൽവി: ഹൈകമാൻഡ്​​ പ്രതിനിധിക്കുമുന്നിൽ പരാതി പ്രളയം

തിരുവനന്തപുരം: തദ്ദേശ തോൽവി പഠിക്കാനെത്തിയ എ.​െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ്​ അൻവറിനു​ മുന്നിൽ സംസ്​ഥാന-ജില്ല നേതൃത്വത്തിനെതിരെ പരാതി പ്രളയം. നേതൃത്വത്തിലെ ഏകോപനമില്ലായ്​മ, ഡി.സി.സി നേതൃത്വങ്ങളുടെ വീഴ്​ച, ഗ്രൂപ്പിസത്തി​െൻറ അതിപ്രസരം, സ്​ഥാനാർഥി നിർണയത്തിലെ അപാകതകൾ എന്നിവ തിരിച്ചടിക്ക്​ കാരണമായെന്ന്​ നേതാക്കൾ ഹൈ​കമാൻഡ്​ പ്രതിനിധികൾക്കുമുന്നിൽ തുറന്നടിച്ചു.

സംഘടനയില്‍ സമഗ്രമായ അഴിച്ചുപണിയാണ് പൊതുവായി ഉയര്‍ന്ന ആവശ്യമെങ്കിലും നേതൃമാറ്റം വ്യക്തമായി ആരും ഉന്നയിച്ചില്ല. ഘടകകക്ഷി നേതാക്കൾ അടക്കമുള്ളവരു​മായി ആശയ വിനിമയം തിങ്കളാഴ്​ചയും തുടരും. സംസ്​ഥാന തലത്തിൽ നേതൃമാറ്റ സാധ്യത നേരത്തേ തന്നെ പാർട്ടി തള്ളിയിരുന്നു. നേതൃമാറ്റ ചർച്ചയില്ലെന്ന്​ ഉമ്മൻ ചാണ്ടിയും പറഞ്ഞു.

തെരഞ്ഞെടുപ്പ്​ ഫലം വന്നതിനു​ പിന്നാലെ നേതാക്കൾ പരസ്യമായും രാഷ്​ട്രീയ കാര്യസമിതിയിലും ഉന്നയിച്ച വിഷയങ്ങൾ തന്നെയാണ്​ ഹൈകമാൻഡ്​​ ​പ്രതിനിധികൾക്കു മുന്നിലുമെത്തിയത്​. കെ.പി.സി.സി ഭാരവാഹികള്‍ പരാജയ ഉത്തരവാദിത്തം ഡി.സി.സികള്‍ക്കുമേൽ ചാര്‍ത്തിയപ്പോൾ സ്ഥാനാര്‍ഥി നിർണയം ഉള്‍പ്പെടെ കാര്യങ്ങളില്‍ കെ.പി.സി.സി ഭാരവാഹികളുടെ ഇടപെടല്‍ എന്താണെന്ന് പരിശോധിക്കണമെന്നായിരുന്നു ഡി.സി.സി പ്രസിഡൻറുമാരുടെ ആവശ്യം.

തോൽവിക്ക്​ കാരണം ഗ്രൂപ്​​ അതിപ്രസരമാണെന്ന്​ ചിലർ ആരോപിച്ചു. നേതൃത്വം പരാജയമാണ്​. തദ്ദേശ തെരഞ്ഞെടുപ്പിന്​ വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ല. തെരഞ്ഞെടുപ്പ്​ ഫണ്ട്​​ പോലും നൽകിയില്ല. സാമുദായിക നേതൃത്വങ്ങളുമായി വേണ്ട ചര്‍ച്ചകള്‍ നടത്തുകയോ അവരെ വിശ്വാസത്തിലെടുക്കുകയോ ചെയ്തില്ല.

പരമ്പരാഗത കേന്ദ്രങ്ങളില്‍ വലിയ തോതിലുള്ള വോട്ടുചോര്‍ച്ചയുണ്ടായി. പ്രാദേശിക ബന്ധം സംബന്ധിച്ച അനാവശ്യ ചര്‍ച്ചകള്‍ തിരിച്ചടിക്ക് ആക്കം കൂട്ടി. സ്​ഥാനാർഥി നിർണയം ഗ്രൂപ്​​ അടിസ്​ഥാനത്തിലായി.​ ജയസാധ്യത എവിടെയും പരിഗണിച്ചില്ല. ഇത്​ വലിയ തോൽവിക്ക്​ കാരണമായി. ഡി.സി.സികൾ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യമുയർന്നു.

നിയമസഭ തെരഞ്ഞെടുപ്പിന്​ ഇതുവരെ ഒരുക്കം പോലും തുടങ്ങിയില്ല. എം.പിമാർ നിയമസഭയിലേക്ക്​ മത്സരിക്കുന്നത്​ തടയണം. മുന്നണിക്ക്​ പുറത്തുള്ളവരുമായി ധാരണകൾ ഒഴിവാക്കണം. നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടുമടുത്ത മുഖങ്ങള്‍ക്കുപകരം സ്വീകാര്യതയും മികവുമുള്ള യുവാക്കളെയും പുതുമുഖങ്ങളെയും പരിഗണിക്കണമെന്നും ഭൂരിഭാഗം നേതാക്കളും നിര്‍ദേശിച്ചു.

യു.ഡി.എഫിനൊപ്പം മുന്‍കാലങ്ങളില്‍ നിന്ന ജനവിഭാഗങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കണമെന്ന്​ ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വത്തി​െൻറ ഏകോപനമില്ലായ്മയാണ് പരാജയ കാരണമെന്ന് വി.ഡി. സതീശന്‍ പരാതിപ്പെട്ടു. ഗ്രൂപ്പി​െൻറ അതിപ്രസരമാണ് തോൽവിക്ക്​ കാരണമെന്ന് പി.സി. ചാക്കോ വ്യക്തമാക്കി.

ജില്ല ഘടകങ്ങള്‍ക്കും വലിയ വീഴ്​ചയുണ്ടായെന്ന്​ കെ.സി. ജോസഫും അടൂര്‍ പ്രകാശും അഭിപ്രായപ്പെട്ട​ു. താരിഖ് അന്‍വറി​േനാടൊപ്പം എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാന്‍ ഡിസൂസ, പി.വി. മോഹന്‍, പി. വിശ്വനാഥന്‍ എന്നിവരുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.