തലക്കുളത്തൂർ: പാലോറ ജങ്ഷനെ ദത്തെടുത്ത് നാട്ടുകാരുടെ കൂട്ടായ്മ. രാമനാട്ടുകര-വെങ്ങളം എൻ.എച്ച് ബൈപാസിലെ പാലോറ ജങ്ഷനിൽ സർവിസ് റോഡിന് മാർഗതടസ്സം സൃഷ്ടിച്ച് അന്തർസംസ്ഥാന ചരക്കുലോറികൾ പാർക്ക് ചെയ്യുകയും ജീവനക്കാർ റോഡിലും ഫുട്പാത്തിലും മലമൂത്ര വിസർജനം നടത്തുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് ജങ്ഷനെ ദത്തെടുത്ത് പരിപാലിക്കാൻ നാട്ടുകാരുടെ കൂട്ടായ്മ മുൻെകെയെടുത്തത്.
പരിപാലനത്തിനായി ‘ക്ലീൻ ഗ്രീൻ പാലോറ’ സമിതിക്ക് രൂപംകൊടുത്തു. കോവിഡ് -19 സാഹചര്യത്തിൽ അന്തർസംസ്ഥാന വാഹനങ്ങളുടെ അനധികൃത പാർക്കിങ് എത്രയും പെട്ടെന്ന് നിരോധിക്കണമെന്നും സർവിസ് റോഡിൽ ഡിവൈഡറും നോ പാർക്കിങ് ബോർഡും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സമിതി അധികൃതർക്ക് പരാതി നൽകി.
ഫുട്പാത്തും സർവിസ് റോഡും ഉപയോഗിക്കാൻ പറ്റാത്തത് കാരണം സി.എം.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും ആയുർവേദ ആശുപത്രിയിലേക്ക് രോഗികളുമായി വരുന്നവരും കാൽനടക്കുപോലും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപംകൊടുക്കാനാണ് സമിതി ആലോചിക്കുന്നത്.
പാലോറ ജങ്ഷെൻറ സൗന്ദര്യവത്കരണത്തിന് തുടക്കംകുറിക്കുന്നതിനും പാരിസ്ഥിതിക നന്മകൾ വീണ്ടെടുക്കാനും ലക്ഷ്യമിട്ട് പരിസ്ഥിതി ദിനത്തിൽ സമിതിയുടെ നേതൃത്വത്തിൽ ജങ്ഷനിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജസീല ഫൈസൽ അധ്യക്ഷത വഹിച്ചു. യു. പ്രദീപ് കുമാർ, വി. വിചിത്രൻ, എം. അശോകൻ, രാജീവ് അവതയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.