ഒറ്റപ്പാലം: നിറവയർ പ്രതീക്ഷകളുമായെത്തിയ ബലിക്കാക്കകൾക്കും കോവിഡ് വരുത്തിവെച്ചത് വറുതിക്കാലം. ശ്രാദ്ധപുണ്യം തേടി ആയിരങ്ങളെത്തുന്ന പാമ്പാടിയിലെ ഭാരതഖണ്ഡം എന്ന് വിശേഷിപ്പിക്കുന്ന നിളാതീരം ചരിത്രത്തിലാദ്യമായി കർക്കടകത്തിലെ വാവുബലി ദിനത്തിൽ ജനശൂന്യമായി. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിെൻറ ഭാഗമായി ഇവിടങ്ങളിലെ ബലിയിടൽ നിർത്തിവെച്ചതാണ് ജനപ്രവാഹത്തിന് തടയിട്ടത്. ഉദകക്രിയകൾക്ക് സഹായികളായുണ്ടാകാറുള്ള അമ്പതോളം കർമികൾക്കും നിരവധി പരികർമികൾക്കും ലഭിക്കുന്ന അവസരം ഇതോടെ നഷ്ടമായി.
ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, കോരപ്പത്ത്, ബ്രാഹ്മണസഭ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് വാവുബലിക്കായി ഒരുക്കാറുള്ളത്. തർപ്പണത്തിന് ആവശ്യമായ എള്ളും പൂവും ഉണക്കലരിയും ദർഭയും തുടങ്ങി സകലതും ലഭ്യമായിരുന്ന കൗണ്ടറുകളും പ്രത്യേകം സജ്ജീകരിക്കാറുണ്ടായിരുന്നു. ഉച്ചവരെ നീളുന്ന പിതൃതർപ്പണത്തിന് വിവിധ ജില്ലകൾക്ക് പുറമെ അയൽ സംസ്ഥാനങ്ങളിൽനിന്നും ആളുകളെത്തിയിരുന്നു.
കുരുക്ഷേത്ര യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്ക് പഞ്ചപാണ്ഡവർ നടത്തിയ ബലിക്രിയകൾക്ക് ഫലസിദ്ധി നേടിക്കൊടുത്ത പാമ്പാടിയിലെ പിതൃതർപ്പണം ഉത്തമമാണെന്നാണ് വിശ്വാസം. ഇക്കുറി വീടുകളിലും പരിസരത്തുള്ള ജലാശയങ്ങളിലായി ഭൂരിഭാഗവും ബലിയിടൽ ചടങ്ങിലൊതുങ്ങി. തൃശൂർ ജില്ല ഭരണകൂടവും പൊലീസും സ്ഥിതിഗതികൾ നിരീക്ഷിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.