കെ. മുരളീധരനെതിരെ പത്മജ; ‘ചേട്ടനായിപ്പോയി, അല്ലെങ്കില്‍ അടി കൊടുക്കുമായിരുന്നു’

തിരുവനന്തപുരം: കോൺഗ്രസ് നേതാവും സഹോദരനുമായ കെ. മുരളീധരന്‍റെ 'വര്‍ക് അറ്റ് ഹോം' പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് പത്മജ വേണുഗോപാല്‍. അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പത്മജ പറഞ്ഞു. ബി.ജെ.പി അംഗത്വമെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പത്മജ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തന്‍റെ ആരോഗ്യ പ്രശ്‌നം അടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിന് വേണ്ടിയാണ്. മൂന്ന്, നാല് പാര്‍ട്ടി മാറി വന്ന ആളായതു കൊണ്ട് എന്തും പറയാം. കൂടുതല്‍ ഒന്നും പറയുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലെത്തുമെന്നും പത്മജ വ്യക്തമാക്കി.

എത്രയോ പേർ കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി വിട്ടുപോയി. അച്ഛന്‍ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിച്ച നേതാക്കളെ കുറിച്ച് കൃത്യമായി അറിയാം. പക്ഷെ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വന്തം മണ്ഡലത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേരളത്തില്‍ നിന്ന് പോയാലോ എന്ന് വരെ ചിന്തിച്ചു. കെ.പി.സി.സി അധ്യക്ഷന്‍റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞെന്നും പത്മജ പറഞ്ഞു.

കെ. കരുണാകരനെ പോലും ചില നേതാക്കള്‍ അപമാനിച്ചു. നേതൃത്വത്തോട് പറഞ്ഞെങ്കിലും നിസാരമായി എടുക്കുകയായിരുന്നു. തന്‍റെ അമ്മയെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കും. കരുണാകരന്റെ മകള്‍ അല്ല എന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുല്‍ ടി.വിയില്‍ ഇരുന്ന് നേതാവായ ആളാണ്. അയാൾ ജയിലില്‍ കിടന്ന കഥയൊക്കെ അറിയാമെന്നും തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും പത്മജ വ്യക്തമാക്കി.

Tags:    
News Summary - Padmaja Venugopal against K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.