പത്മ പുരസ്കാരം: ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്താന്‍ പരിശോധന സമിതി; മന്ത്രിസഭ തീരുമാനങ്ങൾ അറിയാം...

തിരുവനന്തപുരം: 2024ലെ പത്മ പുരസ്കാരങ്ങൾക്ക് ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്തി പരിഗണിച്ച് അന്തിമ രൂപം നല്‍കുന്നതിന് പ്രത്യേക പരിശോധന സമിതി (മന്ത്രിസഭാ ഉപസമിതി) രൂപവത്കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

മന്ത്രി സജി ചെറിയാൻ കണ്‍വീനറും ചീഫ് സെക്രട്ടറി സെക്രട്ടറിയുമായ സമിതിയില്‍ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഡ്വ. ആന്‍റണി രാജു, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ എന്നിവര്‍ അംഗങ്ങളാകും.

തസ്തിക

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴില്‍ പുതുതായി ആരംഭിച്ച ഡയറി സയന്‍സ് കോളജുകളില്‍ 69 അധ്യാപക തസ്തികകളും 20 അനധ്യാപക തസ്തികകളും സൃഷ്ടിക്കും.

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ് ആര്‍ട്ട്സില്‍ അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ തസ്തിക താല്‍ക്കാലികമായി സൃഷ്ടിക്കും. അണ്ടര്‍ സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കും.

യുദ്ധസ്മാരകം നിര്‍മിക്കുന്നതിന് ഭരണാനുമതി

തിരുവനന്തപുരത്ത് യുദ്ധസ്മാരകം നിര്‍മിക്കുന്നതിന് 8,08,70,000 രൂപക്ക് ഭരണാനുമതി നല്‍കി.

സർക്കാർ ഗാരന്‍റി

കേരളാ സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷന്‍റെ യൂനിറ്റ് മില്ലുകളായ കോട്ടയം ടെക്സ്റ്റൈൽസിനും പ്രഭുറാം മില്ലിനും വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ (ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) നിന്നും കടമെടുത്ത 1.80 കോടി രൂപയുടെ പ്രവർത്തനമൂലധന വായ്പയുടെ സർക്കാർ ഗാരന്‍റി കാലയളവ് വ്യവസ്ഥകൾക്കു വിധേയമായി 01.01.2023 മുതൽ രണ്ടു വർഷത്തേക്കു കൂടി നീട്ടും.

നിയമനം

വനം വന്യജീവി വകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ഫോറസ്റ്റ് വാച്ചറായി ജോലി നോക്കവെ കാട്ടാനയുടെ ആക്രമത്തില്‍ മരണപ്പെട്ട ബി. ബൊമ്മന്‍റെ മകനായ ബി. ജയരാജന് വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (സ്പെഷൽ റിക്രൂട്ട്മെന്‍റ്) തസ്തികയില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ തീരുമാനിച്ചു.

ശമ്പള പരിഷ്കരണ ആനുകൂല്യം

കൃഷി വകുപ്പിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്‍റെ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലെ സ്ഥിരം ജീവനക്കാർക്ക് ഒമ്പതും പത്തും ശമ്പള പരിഷ്കരണം അനുവദിക്കാൻ തീരുമാനിച്ചു.

ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിക്ക് ഓണറേറിയം

ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാറിന്റെ പ്രത്യേക പ്രതിനിധിക്ക് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചു. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫിസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി.

Tags:    
News Summary - Padma Award: Screening committee to find nominees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-15 02:16 GMT