സ്ത്രീകള്‍ക്ക് നിയമപരിരക്ഷ ലഭ്യമാക്കാന്‍ പൊലീസ് ഇടപെടല്‍ ഫലപ്രദമാകണമെന്ന് അഡ്വ. പി.സതീദേവി

തിരുവനന്തപുരം: നിലവിലുള്ള നിയമങ്ങളുടെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് സേനയുടെ ഇടപെടല്‍ ഫലപ്രദമായി മാറേണ്ടതുണ്ടെന്ന്  വനിതാ കമിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി. വനിതാ കമിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ലിംഗാവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

നിയമഭേദഗതികള്‍ പലതും ഉണ്ടാക്കപ്പെടുന്നത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും സ്ത്രീകളുടെ നേര്‍ക്ക് നടക്കുന്ന ചൂഷണങ്ങളും വിവേചനങ്ങളും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ്. അതുകൊണ്ടുതന്നെ പുതുതായി നടപ്പിലാക്കപ്പെടുന്ന നിയമഭദഗതികളെക്കുറിച്ച് കൃത്യമായ ധാരണ പൊലീസ് സംവിധാനത്തിന് ഉണ്ടാക്കിയെടുക്കാനും സംരക്ഷണ നിയമങ്ങള്‍ സ്ത്രീസമൂഹത്തിന് പ്രയോജനപ്പെടുത്താനും കഴിയത്തക്കവിധത്തില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും സതീദേവി പറഞ്ഞു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ.ടി.എ.ഷാജി ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തിലും കൊച്ചി സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.സേതുരാമന്‍ ലിംഗാവബോധം നിയമപാലകരില്‍ എന്ന വിഷയത്തിലും ക്ലാസെടുത്തു. കമിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ്, കമ്മിഷന്‍ അംഗം വി.ആര്‍.മഹിളാമണി, ഡയറക്ടര്‍ പി.ബി.രാജീവ് എന്നിവര്‍ സംസാരിച്ചു. 

Tags:    
News Summary - P. Satidevi said that police intervention should be effective to provide legal protection to women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.