സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ വനിതാ പൊലീസിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് പി. സതീദേവി

കോഴിക്കോട് : സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മാതൃകാപരമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് കേരളത്തിലെ വനിതാ പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. സിറ്റി വനിതാ പൊലീസ് സ്റ്റേഷന്‍ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ 'വനിതാ - ശിശു സംരക്ഷണ നിയമങ്ങളും പൊലീസും' ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമീഷന്‍ അധ്യക്ഷ.

സുഗമമായ കുടുംബാന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനുള്ള ജാഗ്രത ഈ സമൂഹത്തിന് ആകെ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇതില്‍ പൊലീസിന്റെ ഉത്തരവാദിത്വം വളരെയേറെ വലുതാണ്. സ്ത്രീപക്ഷ കേരളത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്നോട്ടു വന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ആ നിയമങ്ങളുടെ പ്രയോജനം സ്ത്രീകള്‍ക്ക് ലഭ്യമാകുന്നതിനുതകുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ ഏറ്റവും നല്ല പങ്കുവഹിക്കേണ്ടത് പൊലീസുകാരാണ്.

സ്ത്രീപക്ഷ കാഴ്ചപ്പാടോടുകൂടിയുള്ളഅന്വേഷണം നടത്തിക്കൊണ്ട് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉണ്ടാക്കിയെടുക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായിട്ടുള്ള സാഹചര്യം ഉറപ്പുവരുത്താനും പൊലീസ് സേന വളരെ ജാഗ്രതയോടു കൂടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും വനിതാ കമീഷന്‍ അധ്യക്ഷ പറഞ്ഞു.

കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ വനിതാ കമീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ് മുഖ്യാതിഥിയായി. ബാലാവകാശ നിയമങ്ങളും പോലീസും എന്ന വിഷയം ജില്ലാ കുടുംബകോടതി ജഡ്ജി ആര്‍.എല്‍ ബൈജുവും സ്ത്രീ സംരക്ഷണ നിയമങ്ങളും പോലീസും എന്ന വിഷയം തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അജിതാ ബീഗവും അവതരിപ്പിച്ചു. കേരള വനിതാ കമീഷന്‍ അംഗം വി. മഹിളാമണി, കോഴിക്കോട് സിറ്റി പൊലീസ് കമീഷണറും ഡി.ഐ.ജിയുമായ രാജ്പാല്‍ മീണ, കേരള വനിതാ കമീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, ഡെപ്യുട്ടി പൊലീസ് കമീഷണര്‍ കെ.ഇ. ബൈജു, കെ. അജിത എന്നിവര്‍ സംസാരിച്ചു.

വനിതാ പൊലീസ് സ്റ്റേഷന്‍ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് വനിതാ കമീഷന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ കൂട്ടയോട്ടവും സംഘടിപ്പിച്ചു. വനിതാ പൊലിസ് സ്റ്റേഷന്‍ അങ്കണത്തില്‍ അഡ്വ. പി സതീദേവി ഫ്‌ളാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം കോഴിക്കോട് ബീച്ചില്‍ സമാപിച്ചു.

Tags:    
News Summary - P. Sathi Devi said that the work of women police is exemplary in solving the problems of women and children.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.