കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് അന്തരിച്ചു. 77 വയസ്സായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് മാർ അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. ഒരുവർഷമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം കൊല്ലം ശാസ്താംകോട്ട മാർ ഹോറേബ് ആശ്രമ ചാപ്പലിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് നടക്കും.
മൃതദേഹം ഞായറാഴ്ച വിലാപയാത്രയായി ആനിക്കാട് അന്തോണിയോസ് ദയറായിലെത്തിച്ചു. സന്ധ്യയോടെ പരുമല സെമിനാരിയിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ പരുമല സെമിനാരിയിൽ കുർബാനയും കബറടക്കത്തിന്‍റെ മൂന്നാം ശുശ്രൂഷയും നടക്കും. 9.30ന് ഇവിടെനിന്ന് വിലാപയാത്രയായി മൃതദേഹം ആദ്യം കൊല്ലം ഭദ്രാസന അരമനയിലും തുടർന്ന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിലും എത്തിക്കും. ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ കബറടക്കം നടക്കും.
കഴിഞ്ഞ നവംബറിൽ മെത്രാപ്പോലീത്ത ഭരണച്ചുമതല ഒഴിഞ്ഞ ഇദ്ദേഹം കൊച്ചിയിലും കൊല്ലത്തുമായി മൂന്ന് പതിറ്റാണ്ടിലേറെ ഭദ്രാസനാധിപനായിരുന്നു. പുനലൂർ വാളക്കോട് ആറ്റുമാലിൽ വരമ്പത്ത് ഡബ്ല്യു.സി. എബ്രഹാമിന്‍റെയും മറിയാമ്മ എബ്രഹാമിന്‍റെയും ആറുമക്കളിൽ മൂത്തയാളായിരുന്നു സഖറിയ മാർ അന്തോണിയോസ്. കൊല്ലം ഫാത്തിമ മാത നാഷനൽ കോളജിൽനിന്ന് ധനതത്ത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കോട്ടയം പഴയ സെമിനാരിയിൽ ദൈവശാസ്ത്ര പഠനം നടത്തി.
1974 ഫെബ്രുവരി രണ്ടിന് വൈദികനായി. 1991 ഏപ്രിൽ 30ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവയിൽനിന്ന് മെത്രാപ്പോലീത്തയായി അഭിഷിക്തനായി. ലളിത ജീവിതം നയിച്ചിരുന്ന സക്കറിയ മാർ അന്തോണീയോസ് സ്വീകരണങ്ങളിൽനിന്നും വിദേശ യാത്രകളിൽനിന്നും വിട്ടുനിന്നു. അദ്ദേഹത്തിന് പാസ്പോർട്ടും ഇല്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.