റാന്നി: നിലക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബി.ജെ.പിയിൽ ചേർന്നതിൽ പരസ്യപ്രതിഷേധുമായി ഓർത്തഡോക്സ് സഭ വിശ്വാസികൾ. റാന്നിയിലെ അരമനക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഇന്ന് നടക്കാനിരുന്ന ഭദ്രാസന കൗൺസിൽ യോഗം മാറ്റി. മറുപടി നൽകാനില്ലാത്തതിനാൽ മെത്രാപ്പോലീത്ത മുങ്ങിയെന്നാണ് വിശ്വാസികളുടെ ആരോപണം.
റാന്നി ഇട്ടിയപ്പാറയിലെ ഓർത്തഡോക്സ് സഭ നിലക്കൽ ഭദ്രാസനത്തിന് മുന്നിലാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബി.ജെ.പി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്നാണ് വൈദികരടക്കമുള്ള വിശ്വാസികളുടെ നിലപാട്. ഭദ്രാസന കൗൺസിൽ യോഗം ഇന്ന് ചേരുമെന്ന് അറിയിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് യോഗം മാറ്റിവെച്ച് ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപൊലീത്ത മുങ്ങിയെന്നാണ് ആക്ഷേപം.
ബി.ജെ.പിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ക്രിമിനൽ കേസുകളിൽ അടക്കം ഉടൻ പ്രതിയാകുമെന്നും അതിനെ പ്രതിരോധിക്കാൻ കൂടിയാണ് ബി.ജെ.പി പ്രവേശനമെന്നുമാണ് ആരോപണം. ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ സഭ അധ്യക്ഷന് പരാതി നൽകിയിട്ടുണ്ട്. നടപടി വന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.