'സജി ചെറിയാൻ വായ പോയ കോടാലി'; പ്രതിഷേധിക്കരുതെന്ന് പറയാന്‍ പിണറായി എന്താ രാജാവാണോയെന്ന് വി.ഡി.സതീശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മന്ത്രിമാരായ സജി ചെറിയാൻ, ആർ.ബിന്ദു എന്നിവർക്കെതിരെയും രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കെതിരെയും അന്വേഷണം നടത്തുന്ന ഇ.ഡി മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. മോശം പ്രതിപക്ഷ നേതാവാണ് താനെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറ്റവും നല്ല ബഹുമതിയായി കാണുന്നുവെന്നും പ്രതിഷേധിക്കരുതെന്ന് പറയാൻ പിണറായി രാജാവാണോയെന്നും അദ്ദേഹം പത്രകുറിപ്പിൽ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലേക്ക് സി.എം.ആര്‍.എല്‍ കോടിക്കണക്കിന് രൂപ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കലാണ്. എന്നിട്ടും ഇ.ഡി.അന്വേഷിക്കുന്നില്ല. ബി.ജെ.പിയുമായി ധാരണയുള്ളത് കൊണ്ടാണ് അന്വേഷിക്കാത്തത്. ഇതുകൊണ്ട് തന്നെയാണ് 38 തവണയും ലാവലിന്‍ കേസ് മാറ്റിവച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകരെ ആലുവയിലും അങ്കമാലിയിലും ഡി.വൈ.എഫ്.ഐ - സി.പി.എം ക്രിമിനലുകള്‍ ക്രൂരമായി മർദിച്ചു. നവകേരള സദസിനെതിരെ പച്ചക്കറി കടയില്‍ ഇരുന്ന് അഭിപ്രായം പറഞ്ഞ 72 വയസുകാരനെ സി.ഐ.ടി.യു ക്രിമിനല്‍ സംഘം ആക്രമിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ രക്ഷാപ്രവര്‍ത്തനമെന്ന് ഓമനപ്പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് എല്ലാ അക്രമങ്ങള്‍ക്കും കാരണം. സമാധാനപരമായി പ്രതിഷേധിക്കാന്‍ പാടില്ലാത്ത സംസ്ഥാനമായി കേരളം മാറി. എഴുത്തുകാരനായ സഖറിയ പറഞ്ഞതു പോലെ ഇനി കേരളത്തിലെ കറുത്ത കുടയുടെ ഭാവി എന്താകുമെന്ന് പരിശോധിക്കേണ്ട അവസ്ഥയിലാണ് എത്തിനില്‍ക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.

പരസ്യമായി കലാപ ആഹ്വാനം നടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പരാതി. ഈ അശ്ലീല നാടകത്തില്‍ ഞങ്ങള്‍ പങ്കാളികളായിരുന്നെങ്കില്‍ ജനങ്ങള്‍ ഞങ്ങളെ പുച്ഛിച്ച് തള്ളുമായിരുന്നു. പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ചെലവില്‍ രാഷ്ട്രീയം പറയാനുള്ള വേദിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെ പ്രയോജനപ്പെടുത്തുകയാണ്. ഇത് എങ്ങനെ സര്‍ക്കാരിന്റെ സദസാകും? നാട്ടുകാരുടെ ചെലവിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. യു.ഡി.എഫ് തീരുമാനം ആര് പറയണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ല യു.ഡി.എഫ് അഭിപ്രായം പറയുന്നത്. എല്‍.ഡി.എഫിലേതു പോലെ വിദൂഷകന്‍മാരുടെ സദസല്ല യു.ഡി.ഫിലെന്നും പ്രതിപക്ഷനേതാവ് തുറന്നടിച്ചു.

വി.ഡി സതീശന്‍ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്. കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയും കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയായി മാറുകയും ചെയത് പിണറായി വിജയന്‍ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞിരുന്നെങ്കില്‍ എന്റെ കഥ അന്ന് കഴിഞ്ഞേനെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പറവൂരില്‍ വികസന മുരടിപ്പാണെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. വായ പോയ കോടാലിയാണ് സജി ചെറിയാന്‍. ഗോള്‍വാള്‍ക്കറിന്റെ ബെഞ്ച് ഓഫ് തോട്ട്‌സിന് സമാനമായ അഭിപ്രായം പറഞ്ഞ് മന്ത്രി സ്ഥാനം പോയ ആളാണ്. കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്നും തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും അരി വരുമെന്നും പറഞ്ഞ ആളാണ്. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെ പാര്‍ട്ടിയാണെന്ന് പറയുന്നവര്‍ ഇതുപോലുള്ള ആളുകളെ എങ്ങനെയാണ് ചുമന്നുകൊണ്ട് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലയ്ക്ക് അപമാനമാണെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കണ്ണൂര്‍ വി.സി നിയമനത്തില്‍ ഇടപെട്ടെന്ന സുപ്രീം കോടതി വിധി കഴുത്തില്‍ ആഭരണമായി കൊണ്ടു നടക്കുന്ന ആളാണ് ഈ മന്ത്രി. രാജി വച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടതിന്റെ ദേഷ്യമാണ് അവര്‍ പറവൂരില്‍ തീര്‍ത്തതെന്നും സതീശൻ പറഞ്ഞു.



Tags:    
News Summary - Opposition leader V. D. Satheesan criticized Chief Minister Pinarayi Vijayan and ministers Saji Cherian and R. Bindu in harsh language.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.