തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തിൽ സി.പി.എം - സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയം. സി.പി.ഐ ആവശ്യം കടുപ്പിക്കുകയും സി.പി.എം വിട്ടുവീഴ്ചക്ക് തയാറാകാതിരിക്കുകയും ചെയ്തതോടെയാണ് ചർച്ച വഴിമുട്ടുകയും മുന്നണിയിൽ അസാധാരണ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തത്. സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് അടക്കം ആലോചനയിലാണ് സി.പി.ഐ. ഉപനേതൃ സ്ഥാനത്തിൽ തീരുമാനമാകാതെ മുന്നണി യോഗങ്ങൾക്കില്ലെന്ന നിലപാടിലാണ് സി.പി.ഐ. ഇക്കാര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരൂ എന്ന് ബിനോയ് വിശ്വം ആദ്യം വ്യക്തമാക്കിയത് മാധ്യമങ്ങൾക്ക് മുന്നിലാണ്. കെ. രാജന്റെ പേര് മുൻനിർത്തിയാണ് സി.പി.ഐയുടെ നീക്കം. ഇക്കാര്യത്തിൽ സി.പി.എമ്മിന് വഴങ്ങേണ്ടെന്ന കർശന നിർദേശം ബിനോയിക്ക് പാർട്ടിയിൽനിന്നുണ്ട്. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിശ്ചയിക്കരുതെന്ന് സി.പി.ഐക്ക് അഭിപ്രായമുണ്ടായിരുന്നെങ്കിലും സി.പി.എം മുഖവിലക്കെടുത്തില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തേക്ക് കെ.എൻ ബാലഗോപാലിനെ മുൻനിർത്തിയുള്ള സി.പി.എം നീക്കങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് സി.പി.ഐ നിലപാട്.
കീഴ്‌വഴക്കം മുൻനിർത്തിയാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തിനായുള്ള സി.പി.എം അവകാശവാദം. പദവി ഉണ്ടായ കാലം മുതൽ കീഴ്‌വഴക്കം സി.പി.എമ്മിനാണെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശവും ഇതിനോട് ചേർത്തുവായിക്കണം. മുന്നണിയിൽ പ്രതിപക്ഷ നേതാവ്, ഉപനേതാവ് സ്ഥാനങ്ങൾ വർഷങ്ങളായി സി.പി.എം തന്നെയാണ് ഏറ്റെടുക്കുന്നതെന്നും കോടിയേരി പ്രതിപക്ഷ ഉപനേതാവായിട്ടുണ്ടെന്നും ചൊവ്വാഴ്ചയും എം.വി ഗോവിന്ദൻ ആവർത്തിച്ചു. പരസ്യപ്രസ്താവനയിൽ തുടങ്ങി പി.എം ശ്രീ വിഷയത്തിൽ വരെ ബിനോയ് വിശ്വം മുന്നണിക്ക് പ്രതിസന്ധി ഉണ്ടാക്കിയെന്ന ആക്ഷേപം സി.പി.എമ്മിനുണ്ട്. ബുധനാഴ്ചയിലെ ചർച്ച പൊളിഞ്ഞെങ്കിലും സമവായ നീക്കം ഇനിയും തുടരുമെന്നാണ് വിവരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.