പ്രതിപക്ഷ എം.എൽ.എമാർ നിയമസഭ ബഹിഷ്കരിച്ചപ്പോൾ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്തണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സഭയിൽ നടുത്തളത്തിൽ പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷം പുറത്തേക്കിറങ്ങിയത്. സ്വർണക്കൊള്ളയിൽ യഥാർഥ പ്രതികൾ വിലസുകയാണെന്നും കോടികൾ തട്ടിയവർക്കെതിരെ നടപടി സ്വീകരിക്കാൻ തയാറാകുന്നില്ലെന്നും മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘അമ്പലക്കള്ളന്മാർക്ക് കേരളം മാപ്പ് തരില്ല’ എന്നെഴുതിയ ബാനറുമായി പ്രതിപക്ഷ എം.എൽ.എമാർ നിയമസഭാ മന്ദിരത്തിന് പുറത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ ദിവസത്തോതിനു സമാനമായി ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഇന്നും എം.എൽ.എമാർ സഭ ബഹിഷ്കരിച്ചത്.
“ഈ ഗവണ്മെന്‍റിന്‍റെ മർക്കട മുഷ്ടിയും അഹങ്കാരവുമാണ് ഇന്ന് സഭയിൽ കണ്ടത്. ജനങ്ങളോടോ പ്രതിപക്ഷത്തോടോ ഒരു ബഹുമാനവും താൽപര്യവും കാണിക്കാത്ത സർക്കാറാണിത്. ഏകാധിപത്യ ഭരണം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അവർക്ക് മറുപടി നൽകും. കേരളത്തിലെ ജനങ്ങളെ തിരസ്കരിച്ച സർക്കാറാണിത്. ധാർമികമായി അധികാരത്തിലിരിക്കാൻ അവകാശമില്ലാത്ത സർക്കാറാണിത്. കോടികൾ ചെലവഴിച്ച് സർക്കാർ പി.ആർ നടത്തുന്നു. ശബരിമല സ്വർണ്ണക്കൊള്ളയിലെ എല്ലാ പ്രതികളും പുറത്തുവന്നു. പത്മകുമാറും പുറത്തുവരുമെന്നാണ് വാർത്ത.
ശബരിമല തന്ത്രിയെ 41 ദിവസം ജയിലിലിട്ടു. എന്നാൽ അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ലെന്ന് കോടതി പറയുന്നു. യഥാർഥ പ്രതികൾ, കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ വിലസുകയാണ്. ചോദ്യംചെയ്യലിന് ഹാജരായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെതിരെ നടപടിയില്ല. ആഗോള അയ്യപ്പ സംഗമം നടത്തി കോടികൾ തട്ടിയവർക്കെതിരെ നടപടിയില്ല. ദേവസ്വം ബോർഡ് ഇതുവരെ കണക്ക് തിട്ടപ്പെടുത്തിയില്ല. സി.എം ഓഫിസിന്‍റെ ഇടപെടൽ മൂലം എസ്.ഐ.ടിയുടെ അന്വേഷണം നടക്കുന്നില്ല. അയ്യപ്പ സംഗമത്തിന് സ്പോൺസർഷിപ്പ് ഉൾപ്പെടെ സ്വീകരിച്ചത് മന്ത്രി വി.എൻ. വാസവനാണ്. ഇതെല്ലാമാണ് സഭയിൽ ഞങ്ങൾ ഉന്നയിച്ചത്. എന്നാൽ ചർച്ച ചെയ്യാൻ സർക്കാർ തയാറല്ല” -ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.