കോവിഡ് മരണപ്പട്ടിക അപൂർണം; കേന്ദ്ര സഹായം നഷ്ടമാകുമെന്ന് നിയമസഭയിൽ പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണപ്പട്ടിക പൂർണമല്ലെന്ന് നിയമസഭയിൽ പ്രതിപക്ഷം. പട്ടിക അപൂർണമായതിനാൽ കേന്ദ്ര സർക്കാർ അനുവദിച്ച ധനസഹായം അർഹരായവർക്ക് നഷ്ടമാകുമെന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പി.സി. വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകൾ കൃത്യമല്ല. മരണപ്പെട്ട മുഴുവൻ പേരുടെയും വിവരങ്ങൾ പട്ടികയിലില്ല. ഇതുവഴി സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള സഹായം ലഭിക്കാതെ വരും. സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തി പരിഹാരം കാണണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

അർഹതപ്പെട്ട ഒരു കുടുംബത്തിനും സഹായം നഷ്ടമാകില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് സഭയിൽ മറുപടി നൽകി. കോവിഡ് സ്ഥിരീകരിച്ച നാൾ മുതൽ 30 ദിവസത്തിനകമുള്ള മരണങ്ങൾ കോവിഡ് മരണമായി കണക്കാക്കും. കോവിഡുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ സമിതികൾ നിലവിലുണ്ട്. പി.എച്ച്.എസിയിലും എഫ്.എച്ച്.എസിയിലും പരാതി നൽകാം. പരാതികൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. 

കോവിഡ് ബാധിച്ച് മരിച്ച പതിനായിരങ്ങള്‍ക്ക് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തുള്ള ആനുകൂല്യം നിഷേധിക്കപ്പെടുന്ന ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ജൂണ്‍ 16ന് മുന്‍പ് മരിച്ചവരുടെ കണക്ക് പുറത്തുവിടുന്നില്ല. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുള്ളവര്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ അതും കോവിഡ് മരണമായി കണക്കാക്കണമെന്ന ഐ.സി.എം.ആര്‍ മാര്‍ഗരേഖയും അട്ടിമറിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമുള്ള 50000 രൂപയല്ലാതെ പ്രത്യേക ധനസഹായം പ്രഖ്യാപിക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ല. വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച കോടികള്‍ ഇനിയെങ്കിലും ചെലവഴിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ലോകത്ത് ഏറ്റവും കുറവ് രോഗികള്‍ കേരളത്തിലാണെന്നും മരണനിരക്ക് ഇവിടെ വളരെ കുറവെന്നുമാണ് സര്‍ക്കാര്‍ ആദ്യം അവകാശപ്പെട്ടിരുന്നത്. മരിച്ചവരില്‍ ആയിരക്കണക്കിന് പേരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. യഥാര്‍ഥ മരണക്കണക്കല്ല പുറത്തുവിടുന്നതെന്ന് ജൂണ്‍ രണ്ടിന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചക്ക വീണ് മരിച്ചവരുടെയും പേര് കേവിഡ് കണക്കില്‍ ഉള്‍പ്പെടുത്തണമോയെന്നായിരുന്നു മന്ത്രിയുടെ മറു ചോദ്യം.

എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും നയം മാറ്റി. എന്നാല്‍ ജൂണ്‍ 16 വരെ മരിച്ചവരുടെ കണക്ക് ആരുടെ കൈയിലാണുള്ളത്? ജില്ലകളിലെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് ഡി.എം.ഒമാര്‍ നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്തിനാണ് ഈ മരണങ്ങള്‍ മറച്ചു വയ്ക്കുന്നത്? മേനി നടിക്കാന്‍, കേരളത്തിലാണ് ഏറ്റവും കുറവ് മരണമെന്നു പറയാന്‍. ജൂണ്‍ 16 വരെ ഉള്ള മരണം പുറത്തു വിടാത്തത് സ്വകാര്യത സംരക്ഷിക്കാനെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജൂണ്‍ 16ന് മുന്‍പ് മരിച്ചവര്‍ക്ക് മാത്രം മതിയോ സ്വകാര്യത? ജൂണ്‍ 16ന് മുന്‍പ് മരിച്ചവരുടെ കണക്ക് എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ല.

കേരളത്തേക്കാള്‍ നന്നായി കോവിഡിനെ പ്രതിരോധിച്ചത് മറ്റു സംസ്ഥാനങ്ങളാണ്. അവര്‍ ഒന്നും ഒളിക്കുന്നില്ല. കേരളത്തില്‍ കോവിഡിന്‍റെ രണ്ടാം വരവ് അവസാനിച്ചോ? ഇതേക്കുറിച്ച് വല്ല വിവരവുമുണ്ടോ? ആരോഗ്യവകുപ്പില്‍ ആരാണ് തന്ത്രങ്ങളുണ്ടാക്കുന്നത്? ആരുടെ തന്ത്രമാണ് നടപ്പാക്കുന്നത്? മൂന്നാം തരംഗമുണ്ടെങ്കില്‍ എങ്ങിനെ നേരിടും? ഓക്‌സിജന്‍ കിട്ടാതെ കേരളത്തില്‍ ആരും മരിച്ചിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. ഓക്‌സിജന്‍ സൗകര്യമുള്ള ആശുപത്രികളില്‍ പ്രവേശനം കിട്ടാതെ നിരവധി പേര്‍ മരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ശ്മശാനങ്ങളില്‍ മറവുചെയ്ത നാലിലൊന്നു പേരുടെ പേരു പോലും പട്ടികയിലില്ല. ഇതൊക്കെ പ്രതിപക്ഷം വിവാദമാക്കാതിരുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്നു കരുതിയാണ്.

നഷ്ടപരിഹാരം ലഭിക്കാന്‍ ഓക്ടോബര്‍ പത്തു മുതല്‍ അപേക്ഷിക്കാമെന്നാണ് പറയുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ എങ്ങനെ അപേക്ഷിക്കും. മരിച്ച പലര്‍ക്കും നഷ്ടപരിഹാരം നഷ്ടമാകുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കോവിഡാനന്തര ചികിത്സയ്ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ പണം നല്‍കണമെന്ന് ഉത്തരവിട്ടവരാണ് എല്ലാം ഫ്രീയെന്നു പറയുന്നത്. കോവിഡ് ബാധിച്ചാല്‍ വീട്ടിലിരിക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - Opposition Adjournment motion in Kerala Covid death Toll Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.