'ഓപ്പറേഷൻ തൂഫാൻ': സംസ്ഥാനത്ത് മിന്നൽ റെയ്ഡ്; 368 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടിച്ചെടുത്തു, ഡിജിറ്റൽ നിരീക്ഷണവും ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമാഫിയകൾക്കെതിരെ പൊലീസ് ശക്തമായ നടപടികളുമായി മുന്നോട്ട്. 'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' എന്ന പേരിൽ പൊലീസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ 368 പേർ അറസ്റ്റിലായി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് അജ്ഞാതമായി അധികൃതരെ അറിയിക്കുന്നതിനായി ആപ്പുകളും വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനം സജ്ജമാക്കുന്നുണ്ടെന്നും, പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീർക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പ്രവീൺ എസ്.ആർ അറിയിച്ചു. ലഹരി വിൽപ്പനയിൽ ഏർപ്പെട്ടവരെ ലക്ഷ്യമിട്ട് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ഇതുവരെ 340 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ജൂൺ രണ്ടിന് ആരംഭിച്ച ഓപ്പറേഷന്റെ ഭാഗമായി വൻ തോതിലുള്ള ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. 0.549 കിലോ എം.ഡി.എം.എ, 16.7931 കിലോ കഞ്ചാവ്, 0.461 കിലോ ഹാഷിഷ് ഓയിൽ, 220 കഞ്ചാവ് ബീഡികൾ എന്നിവയാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിനൊപ്പം ലഹരി വിതരണത്തിന്റെ ഉറവിടം കണ്ടെത്തി തടയുക എന്നതാണ് ഓപ്പറേഷൻ തൂഫാന്റെ പ്രധാന ലക്ഷ്യം. ഇതിനായി 84 പൊലീസ് സബ് ഡിവിഷനുകളിലായി നാല് വീതം സ്പെഷ്യൽ സ്‌ക്വാഡുകളെ ഇതിനകം നിയോഗിച്ചിട്ടുണ്ട്.

അന്തർസംസ്ഥാന ലഹരികടത്ത് തടയുന്നതിന് അഞ്ച് സംസ്ഥാനങ്ങളെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി വിപുലമായ പരിശോധനകൾ നടക്കും. മറ്റ് സംസ്ഥാനങ്ങളിലെ രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്തി അവയുടെ നടത്തിപ്പുകാരെയും ലഹരി സംഭരിക്കുന്നവരെയും നിയമത്തിന് മുന്നിലെത്തിക്കാനാണ് തീരുമാനം. ഇ.ഡി, ഡി.ആർ.ഐ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാകും തുടർനടപടികൾ.

Tags:    
News Summary - Operation Toofan': Lightning raids across the state; 368 arrested, massive drug haul seized, and digital surveillance strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.