മയക്കുമരുന്ന് കേസുകളിൽ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം ജയിലിൽ അടച്ച ലിജിൻ, മുഹമ്മദ് ഷെജി

മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഒരുവർഷത്തേക്ക് പുറത്തിറങ്ങാനാകില്ല; തൃശൂരിൽ രണ്ടുപേരെ ജയിലിൽ അടച്ചു

തൃശൂർ: മയക്കുമരുന്ന് കേസുകളിൽ ആവർത്തിച്ച് പ്രതികളായ രണ്ടുപേരെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് (Prevention of Illicit Trafficking in Narcotic Drugs and Psychotropic Substances Act) പ്രകാരം ജയിലിൽ അടച്ചു.

മൂന്ന് മയക്കുമരുന്ന് കേസുകളടക്കം ആറ് ക്രിമിനൽ കേസുകളിൽ പ്രതിയായ പാവറട്ടി എളവള്ളി പാമ്പിങ്ങൾ വീട്ടിൽ ലിജിനെ (34) തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജയിലിൽ നിന്ന് അറസ്റ്റ് ചെയ്തു. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.

ആറ് മയക്കുമരുന്ന് കടത്ത് കേസുകൾ അടക്കം 11 ക്രിമിനൽ കേസുകളിൽ പ്രതിയായ വലപ്പാട് പണിക്കവീട്ടിൽ മുഹമ്മദ് ഷെജിയെയും (30) സമാനരീതിയിൽ അഴിക്കുള്ളിലാക്കി. ഈ നിയമപ്രകാരം ജയിലിലടക്കുന്നവർക്ക് ഒരുവർഷത്തേക്ക് പുറത്തിറങ്ങാനാകില്ല.

വാടാനപ്പിള്ളി ഏഴാംകല്ലിൽ വെച്ച് വിൽപനക്കായി സൂക്ഷിച്ച 21.3 കിലോ കഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു ലിജിൻ. വലപ്പാട് പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.

തമിഴ്നാട് തിവുവള്ളൂർ ഗുമിഡിപൂണ്ടി സ്റ്റേഷനിൽ 5.5 കിലോ കഞ്ചാവുമായി അറസ്റ്റിലായ കേസിലും, പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലും അടക്കം പ്രതിയാണ്. കൂടാതെ, പാവറട്ടി സ്റ്റേഷനിൽ രണ്ട് തട്ടിപ്പ്, ഒരു അടിപിടി ഉൾപ്പെടെ മറ്റ് മൂന്ന് ക്രിമിനൽ കേസുകൾ കൂടിയുണ്ട്.

നാട്ടികയിൽ നിന്ന് ആറു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു മുഹമ്മദ് ഷെജി. വലപ്പാട്, കൊരട്ടി, ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് കഞ്ചാവ് കേസുകളിലും, കഞ്ചാവ് ബീഡി ഉപയോഗിച്ച മൂന്ന് കേസുകളിലും അടക്കം ആറ് മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. ഇതിൽ നാല് കേസുകളിൽ കോടതി പതിനേഴായിരം രൂപ പിഴ ഈടാക്കി ശിക്ഷിച്ചിട്ടുണ്ട്.

കൂടാതെ, വാടാനപ്പിള്ളി, വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമ കേസിലും ആയുധ നിയമപ്രകാരമുള്ള കേസിലും മൂന്ന് അടിപിടി കേസുകളിലും അടക്കം മറ്റ് അഞ്ച് ക്രിമിനൽ കേസുകളിലും മുഹമ്മദ് ഷെജി പ്രതിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.