പത്തനാപുരം: കരാളഹസ്തങ്ങളിൽ നിന്നും എൻ.എസ്.എസിനെ രക്ഷിച്ചേ മതിയാകൂവെന്ന് മുൻമന്ത്രിയും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മുൻ അംഗവുമായ കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ
അത്രക്ക് മാന്യൻ ഒന്നുമല്ലെന്നും എൻ.എസ്.എസിനെ രക്ഷിക്കാൻ സുകുമാരൻ നായർ അംഗമായ കരയോഗത്തിൽ ഉള്ളവർ ഒരുമിക്കണമെന്നും അദ്ദേഹം പത്തനാപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘രാത്രിയുടെ മറവിൽ താലൂക്ക് യൂനിയനുകൾ പിരിച്ചുവിടുന്ന ഹുങ്കിനെ ചോദ്യം ചെയ്യും. എൻ.എസ്.എസ് പിടിച്ചെടുക്കാൻ ഒന്നും ഞാനില്ല. എന്റെ വായ് തുറപ്പിക്കാൻ ആരും നോക്കരുത്. സുകുമാരൻ നായരുടെ മകളും മകനും കൊച്ചു മക്കളുമൊക്കെ നടത്തിയ കാര്യങ്ങളെ കുറിച്ച് വാ തുറപ്പിക്കരുത്’ -സുകുമാരൻ നായരുടെ കഴിഞ്ഞ ദിവസത്തെ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ ഗണേഷ്‌കുമാർ മറുപടി പറഞ്ഞു.
‘ദർശനത്തിനായി മന്നം സമാധി തുറന്നുകൊടുക്കണം എന്നാണ് ലോകത്തെങ്ങുമുള്ള നായൻമാരുടെ ആഗ്രഹം. അതിന് വേണ്ടി പോരാട്ടം തുടരും. സമുദായംഗങ്ങൾ മുന്നിട്ടു വന്നാൽ ഞാനും കൂടെയുണ്ടാകും. സുകുമാരൻ നായരെ ഇറക്കിവിടാനുള്ള മാർഗങ്ങൾ ഉണ്ട്. അത് ചങ്ങനാശ്ശേരിയിലെ സുകുമാരൻനായർ ഉൾപ്പെട്ട കരയോഗ അംഗങ്ങൾ തീരുമാനിച്ചാൽ തീരുന്നതെയുള്ളൂ. അനീതി ചെയ്യുന്നവർ പിടിക്കപ്പെടണം. ധനലക്ഷ്മി ബാങ്കുമായി നടന്ന ക്രമക്കേടുകൾ അന്വേഷിക്കണം.
സുകുമാരൻ നായർക്കെതിരെ ഇപ്പോൾ നടക്കുന്ന കേസ് 89 തവണയാണ് കോടതിയിൽ മാറ്റിവപ്പിച്ചത്. അന്തസ് ഉണ്ടെങ്കിൽ കേസ് വാദിക്കാൻ അഭിഭാഷകൻ തയാറാകണം. ഇത്രയും തവണയൊക്കെ ഒരു കേസ് മാറ്റിവപ്പിക്കുന്നത് ജുഡിഷ്യറിയോട് കാണിക്കുന്ന മര്യാദകേടാണ്. വക്കീലിന് ഇപ്പോഴും എൻ.എസ്.എസിന്റെ പണമാണ് നൽകികൊണ്ടിരിക്കുന്നത്. അങ്ങനെ എൻ.എസ്.എസിന്റെ പണം ധൂർത്ത് അടിക്കാൻ സുകുമാരൻനായർ നോക്കണ്ട. അതുകൊണ്ട് ഇപ്പോൾ ഞാൻ കേസുമായി മുന്നോട്ട് പോകുന്നില്ല. സ്വന്തം കൈയിൽ നിന്നും വക്കീൽ ഫീസ് കൊടുക്കാൻ സുകുമാരൻ നായർ തയാറായെങ്കിൽ കേസ് കൊടുക്കാൻ താൻ തയാറാണ്. ഇനി പറയാനുള്ളത് ജനകീയ കോടതിയിൽ പറയും. മകനും മകളുമൊക്കെ ചെയ്ത കാര്യങ്ങളുടെ തെളിവ് എന്റെ കൈയിൽ ഉണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ കൊഞ്ഞനം കുത്തുന്നത് ശരിയല്ല’- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.