അഭിമന്യു വധക്കേസിൽ ഇനി വിചാരണ; 16 പ്രതികളും കോടതിയിൽ ഹാജരായി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ 16 പ്രതികളും ഒടുവിൽ കോടതിയിൽ ഹാജരായി. നേരത്തേ, രണ്ട് തവണ പ്രതികൾ ഹാജരാകാതിരുന്നതിനെ തുടർന്ന് കടുത്ത നടപടിയുണ്ടാകുമെന്ന് കോടതി കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് മുഴുവൻ പ്രതികളും ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായത്.

വിചാരണ വേളയിൽ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, മാധ്യമപ്രവർത്തകരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി കോടതിയിൽ നേരിട്ട് എത്തുന്നതിൽ നിന്ന് ഇളവ് വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇത് കോടതി തള്ളി. ഹൈകോടതിയുടെ കർശന നിർദേശത്തെ തുടർന്ന് കേസിന്റെ വിചാരണ നടപടികൾ വേഗത്തിലാക്കുകയാണ്.

കോടതിയിൽ ഹാജരായ 16 പ്രതികൾക്കും പുതുതായി ചുമത്തിയ കുറ്റങ്ങൾ വായിച്ചു കേൾപ്പിച്ചു. എന്നാൽ, എല്ലാവരും കുറ്റം നിഷേധിച്ചു. കേസിൽ ഈ മാസം 17 മുതൽ വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജ് കവാടത്തിൽ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. കോളജിലെ ചുവരെഴുത്തിനെച്ചൊല്ലി എസ്.എഫ്.ഐ പ്രവർത്തകരും കാമ്പസ് ഫ്രണ്ട് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിലാണ് രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്.

കേസില്‍ ആകെ 30 പ്രതികളാണുള്ളത്. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള 16 പ്രതികൾക്കെതിരെയുള്ള ഒന്നാംഘട്ട കുറ്റപത്രത്തിലാണ് ഇപ്പോൾ വിചാരണ തുടങ്ങുന്നത്. 

വിചാരണ വൈകുന്നതിനെതിരെ കഴിഞ്ഞ മാസമാണ് അഭിമന്യുവിന്റെ അമ്മ ഭൂപതി ഹൈകോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിച്ച ഹൈകോടതി, നാലു മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കി അന്തിമ വിധി പ്രസ്‌താവിക്കണമെന്ന് കർശന നിർദേശം നൽകുകയായിരുന്നു. യാതൊരു കാരണവശാലും സമയപരിധി നീട്ടിനൽകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.