തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിനകത്ത് ഒരു വിപ്ലവം തുടങ്ങേണ്ട സമയമായെന്നും തനിക്ക് ജനറൽ സെക്രട്ടറി കസേരയോ പ്രസിഡന്റ് പദവിയോ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരൻ നായർക്കെതിരെ പുതിയ കേസുകൾ കൊടുക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും, നിയമപോരാട്ടം നടക്കുമ്പോൾ സുകുമാരൻ നായർക്കല്ല, എൻ.എസ്.എസിനാകും പണം നഷ്ടമാകുകയെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സുകുമാരൻ നായരുടെ കുടുംബാംഗങ്ങൾക്കെതിരെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും താനൊന്നും പറയുന്നില്ലെന്ന് വ്യക്തമാക്കിയ ഗണേഷ് കുമാർ, തന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
"എന്നെക്കൊണ്ട് വാ തുറപ്പിക്കരുത്, മകനെപ്പറ്റിയും മകളെപ്പറ്റിയും കൊച്ചുമക്കളെപ്പറ്റിയും ഒക്കെ കുറെ കാര്യങ്ങൾ എന്റെ കൈവശമുണ്ട്. ഒരു താലൂക്ക് യൂണിയൻ സെക്രട്ടറിക്ക് മകളെ 60 ലക്ഷം രൂപ മുടക്കി ലണ്ടനിൽ പഠിപ്പിക്കാൻ എങ്ങനെ കഴിയുന്നു എന്ന് അന്വേഷിക്കണം.
'ദേവദാരുവിലെ ഇത്തിൾക്കണ്ണി' എന്ന പുസ്തകത്തിൽ 43 പേർക്ക് ജോലി നൽകിയതിനെക്കുറിച്ച് കൃത്യമായ തെളിവുസഹിതം പറയുന്നുണ്ട്. കൊച്ചുമോന് രണ്ടുമാസം മുൻപാണ് പ്ലസ് ടുവിൽ ലാബ് അസിസ്റ്റന്റായി നിയമനം നൽകിയത്"- ഗണേഷ് കുമാർ ആരോപിച്ചു. കൂടാതെ, ധനലക്ഷ്മി ബാങ്കിൽ നിന്ന് എന്തിന് പണം എടുത്തു, എന്തിന് തിരിച്ചിട്ടു എന്നും തമിഴ്നാട്ടിലുണ്ടായിരുന്ന ശ്രീ അയ്യപ്പ കോളജിന്റെ ഇപ്പോഴത്തെ സ്ഥിതിയും ഉടമസ്ഥാവകാശവും എന്താണെന്നും സുകുമാരൻ നായർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻ.എസ്.എസ് കോളജുകളിലെ അഡ്മിഷനും ജോലിയും സുകുമാരൻ നായരുടെ ഔദാര്യമല്ലെന്നും, അത് മന്നത്ത് ആചാര്യൻ സമുദായത്തിന് വേണ്ടി കരുതിവെച്ച അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുകുമാരൻ നായർക്കെതിരെ താൻ നിയമനടപടിക്ക് മുതിരാത്തതിന്റെ കാരണവും ഗണേഷ് കുമാർ വിശദീകരിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം കേസ് കൊടുക്കാനാണ് അദ്ദേഹം വെല്ലുവിളിക്കുന്നത്.
"ഞാൻ കേസ് കൊടുത്താൽ സുകുമാരൻ നായർ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് കേസ് നടത്തില്ല. എന്റെ വക്കീലിന് ഫീസ് കൊടുക്കേണ്ടതും കാര്യങ്ങൾ നടത്തേണ്ടതും എന്റെ സ്വന്തം ചെലവിലാണ്. എന്നാൽ മന്നത്ത് ആചാര്യൻ പിടിയരി ശേഖരിച്ചുണ്ടാക്കിയ പണമെടുത്താകും സുകുമാരൻ നായർ കേസ് നടത്തുക. അദ്ദേഹത്തിനെതിരെ കൊടുത്ത ഒരു കേസിൽ എൻ.എസ്.എസിന്റെ പണം എടുത്ത് 89 തവണയാണ് അത് മാറ്റിവെപ്പിച്ചത്. ഇത് ജുഡീഷ്യറിയോടുള്ള മര്യാദകേടാണ്. സിവിൽ കേസ് കൊടുത്താൽ ആദ്ദേഹത്തിന്റെ ആയുഷ്‌കാലം വരെ തീർപ്പുണ്ടാവില്ല. ധൈര്യമുണ്ടെങ്കിൽ നിലവിലുള്ള കേസുകൾ അദ്ദേഹം കോടതിയിൽ നേരിടട്ടെ"- ഗണേഷ് പറഞ്ഞു. പറയാനുള്ളത് ജനകീയ കോടതിയിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനാപുരം താലൂക്കിലെ കരയോഗങ്ങളെ രാത്രി അഞ്ചുമണിക്ക് ശേഷം ഓഫീസ് തുറന്നിരുന്ന് പിരിച്ചുവിട്ട നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ നൽകിയിട്ടും അത് മുഖവിലയ്ക്കെടുത്തില്ല. അച്ഛന്റെ വാക്കുപാലിച്ച് കഴിഞ്ഞ നാലുവർഷമായി താൻ ജനറൽ സെക്രട്ടറിക്കൊപ്പം നിൽക്കുകയാണെന്നും, എന്നാൽ ഈ ഹുങ്കിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുകുമാരൻ നായരെ എൻ.എസ്.എസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയല്ല തന്റെ ലക്ഷ്യം. തനിക്ക് മഞ്ചള്ളൂർ കരയോഗത്തിലെ സാധാരണക്കാരനായ ഒരു അംഗമായി ജീവിച്ചാൽ മതി. എന്നാൽ മന്നം സമാധി മണ്ഡപം എല്ലാവർക്കും ശുദ്ധിയോടെ വന്ദിക്കാനുള്ള അവസരം ഉണ്ടാകണം. ചങ്ങാനാശേരിയിൽ സുകുമാരൻ നായർ അംഗമായിരിക്കുന്ന കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റാനും എൻ.എസ്.എസിനെ രക്ഷിക്കാനും കഴിയുമെന്നും ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു. ലോകമെമ്പാടുമുള്ള നായർ സമുദായം ഈ അനീതിക്കെതിരെ ഒന്നിക്കണമെന്നും ആരും അംഗത്വം ഒഴിവാക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.