കൊച്ചി: ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ച വാഹനങ്ങൾ പിടികൂടാനും തട്ടിപ്പുകാരെ കണ്ടെത്താനുമായി നടത്തുന്ന ഓപറേഷൻ നുംഖോർ തുടരുന്നു. കേരളത്തിൽനിന്ന് ആദ്യമായി ഫസ്റ്റ് ഓണർ വാഹനവും കസ്റ്റംസ്(പ്രിവന്റിവ്) അധികൃതർ പിടികൂടി. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽനിന്നാണ് കഴിഞ്ഞ ദിവസം അരുണാചൽപ്രദേശ് രജിസ്ട്രേഷനിലുള്ള 1992 മോഡൽ ലാൻഡ് ക്രൂയിസർ പിടികൂടിയത്. അസം സ്വദേശി മാഹിൻ എന്നയാളുടെ പേരിലാണ് വണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഇങ്ങനെ ഒരാളില്ലെന്നും മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടേതാണ് വാഹനമെന്നും കസ്റ്റംസ് കണ്ടെത്തി. രണ്ടാഴ്ച മുമ്പാണ് ഇയാൾ വാഹനം വെള്ള പെയിന്റ് മാറ്റി കറുത്ത പെയിന്റാക്കുന്നതിന് കുണ്ടന്നൂരിലെ വർക്ക്ഷോപ്പിലേക്ക് എത്തിച്ചത്.
ഇയാൾക്ക് വാഹന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഈ കാർ കേരളത്തിലെത്തിയ വഴി കണ്ടെത്തിയാൽ തട്ടിപ്പിന്റെ ഭൂട്ടാൻ-കേരള ബന്ധം അറിയാനാവുമെന്നും റാക്കറ്റിലേക്ക് എത്തിച്ചേരാനാവുമെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. സംസ്ഥാനത്ത് 200നടുത്ത് വാഹനങ്ങൾ ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് കൊണ്ടുവന്നിട്ടുണ്ടെങ്കിലും 38 വാഹനങ്ങൾ മാത്രമേ പിടികൂടാനായിട്ടുള്ളൂ. എല്ലാം മൂന്നാമത്തെയോ നാലാമത്തെയോ ഉടമകളിൽനിന്നാണ് പിടികൂടിയിട്ടുള്ളത്. ആദ്യ ഉടമയെ കണ്ടെത്തിയാലേ അന്വേഷണം കൂടുതൽ ഫലപ്രദമാവൂ. ഇതേതുടർന്ന് കുണ്ടന്നൂരിൽനിന്ന് പിടികൂടിയ ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കൊച്ചിയിൽനിന്നുള്ള കസ്റ്റംസ് സംഘം മാഹിനെ തേടിയും അരുണാചൽ രജിസ്ട്രേഷൻ വന്ന വഴി തേടിയും ഈ സംസ്ഥാനങ്ങളിലേക്ക് പോവാനിടയുണ്ട്.
ഇതിനിടെ നടൻ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാനും നീക്കമുണ്ട്. നടൻ വാഹന ഇടപാടിലെ കണ്ണിയാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. പ്രീമിയം വാഹനങ്ങളുടെ വിൽപനയിലടക്കം ഇദ്ദേഹത്തിന് പങ്കുണ്ടെന്നും പലർക്കും വാഹനങ്ങൾ കൈമാറിയതിൽ ഇടനിലക്കാരനായിട്ടുണ്ടെന്നുമാണ് കരുതുന്നത്. ഓപറേഷൻ നുംഖോറിന്റെ ആദ്യദിന പരിശോധന നടന്ന ചൊവ്വാഴ്ച ഇദ്ദേഹത്തിന്റെ എട്ട് വാഹനങ്ങൾ പിടികൂടിയതായി കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ, ഈ വിവരം നിഷേധിച്ച് അമിത് ബുധനാഴ്ച രംഗത്തെത്തി. തന്റെ ഒരുവാഹനം മാത്രമാണ് പിടികൂടിയതെന്നും മറ്റു വാഹനങ്ങൾ തന്റെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ചതാണെന്നുമാണ് അമിത് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ഒരേ രീതിയിലുള്ള ഇത്രയും വാഹനങ്ങൾ എങ്ങനെ അമിത്തിന്റെ വർക്ക്ഷോപ്പിൽ എത്തിയെന്നത് അന്വേഷിക്കും.
ഇ.ഡിയും അന്വേഷണം തുടങ്ങി
കൊച്ചി: ഭൂട്ടാനിൽനിന്ന് ആഡംബര കാറുകളുൾപ്പെടെ അനധികൃതമായി കടത്തിക്കൊണ്ടുവന്നതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. വാഹന ഇടപാടുകൾക്ക് പിന്നിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി നീക്കം. ഫെമ, പി.എം.എൽ.എ തുടങ്ങിയ നിയമങ്ങളുടെ ലംഘനം വാഹന ഇടപാടുകളിൽ നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.