കോഴിക്കോട് ലോ കോളജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തൃശൂർ സ്വദേശിയെയാണ് ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യൽ നടക്കുന്നതിനാൽ ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല.

ഫെബ്രുവരി 24നാണ് തൃശൂർ സ്വദേശിനിയും ഗവ. ലോ കോളജ് വിദ്യാർഥിനിയുമായ മൗസ മെഹ് റിസിനെ (21) മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കോവൂർ ബൈപാസിലെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർഥിനിയായ മൗസ.

ഒപ്പം താമസിക്കുന്ന വിദ്യാർഥി മുറിയിലെത്തിയപ്പോഴാണ് മൗസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉള്ളിൽ നിന്ന് കുറ്റിയിട്ട കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തുക്കളും മൗസയുടെ ബന്ധുക്കളും പ്രതിക്കെതിരെ മൊഴി നൽകി.

ലോ കോളജിന് സമീപത്തെ കടയിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്നപ്പോഴാണ് പ്രതിയെ പരിചയപ്പെടുന്നത്. വിവാഹിതനായ ഇയാൾ ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. യുവാവ് വിവാഹിതനും കുട്ടികളുടെ പിതാവുമാണെന്ന് മനസിലാക്കിയതാണ് ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമെന്ന് പൊലീസ് നിഗമനം.

മൗസയുടെ ഫോൺ മരിക്കുന്നതിന് തലേദിവസം പ്രതി കൈക്കലാക്കിയതായും സംശയിക്കുന്നു. പ്രതിക്കായി പൊലീസ് ഗൂഡല്ലൂരിലും വയനാട്ടിലും തിരച്ചിൽ നടത്തിയിരുന്നു. 

Tags:    
News Summary - One person in custody in connection with the suicide of Kozhikode law college student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.