ആത്മഹത്യ ചെയ്ത സിദ്ധാർഥ് 

സിദ്ധാർഥൻ മരിച്ച കേസിൽ ഒരു എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​കൻ കൂടി പിടിയിൽ; ഇതോടെ പിടിയിലാവരുടെ എണ്ണം 11 ആയി

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല കോളജ് വിദ്യാർഥി സിദ്ധാർഥനെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഒരു എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​കൻ കൂടി പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി.

പൂക്കോട് സർവകലാശാല കോളജ് യൂനിയൻ പ്രസിഡന്റ് മാനന്തവാടി കണിയാരം കേളോത്ത് വീട്ടിൽ അരുൺ (23), എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്നിൽ ഏരി വീട്ടിൽ അമൽ ഇഹ്സാൻ (23)കോളജ് യൂനിയൻ അംഗം തിരുവനന്തപുരം വർക്കല ആസിഫ് മൻസിലിൽ എൻ. ആസിഫ് ഖാൻ(23) എന്നിവരുടെ അറസ്റ്റാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.

അരുണും അമലും വ്യാഴാഴ്ച രാത്രി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെയും മലപ്പുറം മഞ്ചേരി നെല്ലിക്കുത്ത് അമീൻ അക്ബർ അലി (25) വെള്ളിയാഴ്ച കൽപറ്റ ജെ.എഫ്.സി.എം കോടതിയിലും കീഴടങ്ങുകയായിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 18 പേരെയാണ് പ്രാഥമികമായി കേസിൽ പ്രതി ചേർത്തിട്ടുള്ളത്.

ഫെബ്രുവരി 18നാണ് ബി.വി.എസ്.സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായാണ് സിദ്ധാർഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കൽപറ്റ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട എസ്.എഫ്.ഐ നേതാവുൾപ്പെടെ ആറു വിദ്യാർഥികളെ കൂടി കോളജിൽനിന്ന് സസ്പെൻഡ് ചെയ്‌തു. എസ്.എഫ്‌.ഐ കോളജ് യൂനിയൻ സെക്രട്ടറി എസ്. അഭിഷേക്, ബിൽഗേറ്റ് ജോഷ്വാ, ഡി. ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ആർ.ഡി. ശ്രീഹരി എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്‌. കേസിലെ പ്രതികളായ മറ്റ് 12 വിദ്യാർഥികളെ കഴിഞ്ഞ മാസം 22ന് സസ്പെൻഡ് ചെയ്‌തിരുന്നു. ഇതോടെ പ്രതിചേർത്ത 18 പേരെയും കോളജിൽനിന്ന് സസ്പെൻഡ് ചെയ്‌തു.

പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു. മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

Tags:    
News Summary - One more accused surrendered in the case of Siddharth's death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.