ഓണം ഇങ്ങ് എത്തി; ഏത്തക്കായക്ക് വില വിർധിക്കുന്നു

തിരുവനന്തപുരം: ഓണം അടുത്തതോടെ ഏത്തക്കായക്ക് വില ഉയരുകയാണ്. ഒരാഴ്ചക്കിടെ വില ഇരട്ടിയായി. ഓണം ആകുമ്പോഴേക്കും ഏത്തക്കായ വില നൂറ് കടക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം ഓണക്കാലത്ത് കർഷകരിൽനിന്ന് 35 രൂപക്ക് വാങ്ങിയിരുന്ന ചിപ്പ്‌സ് നിർമാതാക്കൾക്ക് ഇക്കുറി 65-75 രൂപക്കാണ് ഏത്തക്കായ വാങ്ങിയത്. മഴയുടെ കൂടുതലും വേനൽച്ചൂടും കാറ്റും കാരണം തമിഴ്‌നാട്ടിൽനിന്നുള്ള ഏത്തക്കായയുടെ വരവ് കുറഞ്ഞത് വില വർധിക്കാൻ കാരണം.

കാലാവസ്ഥ വ്യതിയാനം കൃഷിയെ ബാധിച്ചതിനാൽ ഇടുക്കി, വയനാട് ജില്ലകളിൽനിന്നും മറ്റു ജില്ലകളിലേക്ക് കായ കാര്യമായെത്തുന്നില്ല. മൂപ്പെത്തിയ ഏത്തക്കായയുടെ ക്ഷാമമാണ് വിലക്കയറ്റത്തിന് കാരണം. ഒരാഴ്ച മുമ്പ് 45-50 രൂപ ഉണ്ടായിരുന്ന ഏത്തക്കായക്കും പഴത്തിനും വില ഇപ്പോൾ 80-85 രൂപയാണ് വില. കർഷകരിൽനിന്ന് മൊത്ത വിൽപനക്കാർ നേരിട്ട് വാങ്ങുന്നത് 65-70 രൂപ നിരക്കിലാണ്. ഓണവിപണി ലക്ഷ്യമിട്ടാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയത്.

കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കിയ പ്രതിസന്ധി കൃഷിയെ സാരമായി ബാധിച്ചതായും കർഷകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം കായയുടെ വിലയിടിഞ്ഞതിനാൽ നിരവധി കർഷകർ കൃഷി ഉപേക്ഷിച്ചതും തിരിച്ചടിയായി. ഇക്കുറി തോട്ടത്തിൽ കായ ഇഷ്ടം പോലെ ഉണ്ടെങ്കിലും മൂപ്പെത്തിയിട്ടില്ല. പൊതുവേ എല്ലായിടത്തും കായയുടെ വരവ് കുറവാണ്. നാടൻ ഏത്തവാഴ കൃഷിക്ക് 9 മാസവും തേനി നേന്ത്രൻതരം വാഴക്ക് 11-12 മാസവുമാണ് വിളവെടുപ്പ്. ഒരു വാഴക്ക് ശരാശരി 200-250 രൂപയുടെ കൃഷിച്ചെലവ് വരും. ഒരു കുലയിൽനിന്ന് ശരാശരി 10-12 കിലോ കായ ലഭിക്കും. നാടൻ 9-10 കിലോ തൂക്കം ലഭിക്കുമെന്ന് കർഷകർ പറയുന്നത്.

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ഏത്തവാഴ കൃഷി ചെയ്യുന്നത് കോതമംഗലം താലൂക്കിലെ കീരംപാറയിലാണ്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ഇക്കുറി ഒരുലക്ഷം ഏത്തവാഴ കൃഷി ചെയ്തിട്ടുണ്ട്. ആഗസ്റ്റ് മുതൽ ഫെബ്രുവരി വരെ ഏത്തക്കായ ഇവിടെ സുലഭമാണ്. കഴിഞ്ഞ വർഷം 40-50 ടൺ വരെ 20 ലക്ഷം രൂപയുടെ ഏത്തക്കായ വിൽപ്പന നടത്തിയ കർഷകരുണ്ട്. ഓണത്തിനായി കൃഷിയിറക്കിയ പല കർഷകരുടെയും വാഴ കാറ്റിലും വെള്ളം കയറിയും നശിച്ചിട്ടുണ്ട്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും പത്തേക്കറിൽ ഏത്തവാഴ കൃഷി ചെയ്ത പുന്നേക്കാട് പള്ളിമാലിൽ റെജി മത്തായിയുടെ രണ്ടായിരം ഏത്തവാഴ കാറ്റിൽ ഒടിഞ്ഞുപോയി. ഇൻഷുറൻസ് ചെയ്തതുകൊണ്ട് നഷ്ടതോത് കുറഞ്ഞു. പെലക്കുടി റിജോ ജോർജ് പത്തേക്കറിലധികം സ്ഥലത്ത് ഏത്തവാഴ കൃഷി ചെയ്തിട്ടുണ്ട്.

Tags:    
News Summary - Onam is here; banana prices are rising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.