ഓണക്കിറ്റിന് കമീഷനില്ല; റേഷൻ വ്യാപാരികൾ കോടതിയിലേക്ക്

കോഴിക്കോട്: ഓണക്കിറ്റ് വിതരണം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കമീഷൻ നൽകാത്തതിനെതിരെ റേഷൻ വ്യാപാരികൾ നിയമനടപടിക്കൊരുങ്ങുന്നു. റേഷന്‍ വിതരണം പൂര്‍ത്തിയായി അഞ്ചു പ്രവൃത്തി ദിവസങ്ങൾക്കുള്ളില്‍ വ്യാപാരികളുടെ കമീഷന്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച ഉത്സവകാല ബത്തയായ 1000 രൂപയും നൽകിയിട്ടില്ല. ഓണക്കാലത്ത് മറ്റെല്ലാ വിഭാഗങ്ങൾക്കും ഉത്സവബത്തയും മുൻകൂർ ശമ്പളവും നൽകിയ സർക്കാർ തങ്ങളോടുമാത്രമാണ് വിവേചനം കാണിക്കുന്നതെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

കോവിഡ് കാലത്ത് 11 മാസം സൗജന്യ കിറ്റ് വിതരണം ചെയ്ത വകയിൽ കമീഷൻ നൽകാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ച് റേഷൻ വ്യാപാരികൾ അനുകൂലവിധി നേടിയിരുന്നു. വിതരണം ചെയ്യുന്നത് സൗജന്യ കിറ്റാണെന്നും റേഷൻ വ്യാപാരികൾക്ക് കമീഷൻ നൽകാൻ കഴിയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. കമീഷൻ നൽകണമെന്ന് കോടതി നിർദേശിച്ചിട്ടും നാളിതുവരെ ഒരുമാസത്തെ കിറ്റ് വിതരണത്തിനുള്ള തുക മാത്രമാണ് ഇവർക്ക് ലഭിച്ചത്.

10 മാസത്തെ കുടിശ്ശികയോടൊപ്പം ഓണക്കിറ്റ് വിതരണത്തിന്‍റെ തുക കൂടി നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് റേഷൻ വ്യാപാരികൾ. ആഗസ്റ്റിലെ കമീഷൻ തുകയും ഇവർക്ക് ലഭിച്ചിട്ടില്ല. ഓണക്കാലത്ത് ഉത്സവകാല അലവന്‍സും ശമ്പളവും മുന്‍കൂറായി നല്‍കുന്ന സര്‍ക്കാര്‍ ഓണം കഴിഞ്ഞിട്ടും കമീഷന്‍ കുടിശ്ശികയാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വ്യാപാരികള്‍ പറഞ്ഞു. തിങ്കളാഴ്ച തൃശൂരിൽ ചേരുന്ന റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽ സർക്കാർ നിലപാടിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അന്തിമതീരുമാനമാകും.

Tags:    
News Summary - Onakit has no commission Ration traders to court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.