തിരുവനന്തപുരം: നിയമസഭയിൽ നടത്തിയ പോരാട്ടം പുറത്തും അതേ തീവ്രതയോടെ നടത്താൻ യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗത്തിൽ തീരുമാനം. ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ പുതിയ നികുതി നിർദേശങ്ങൾ നിലവിൽവരുന്ന ഏപ്രിൽ ഒന്നിന് കരിദിനമാചരിക്കും. അന്ന് സംസ്ഥാനവ്യാപകമായി പഞ്ചായത്തുതലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും.
സർക്കാറിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മേയ് രണ്ടാം വാരം ജനവിരുദ്ധനയങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ഉപരോധിക്കും. സർക്കാറിനെതിരായ പ്രചാരണ പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും ശക്തമായി തുടരാനാണ് തീരുമാനം.
നിയമസഭയിൽ സർക്കാറിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷത്തിന് സാധിച്ചെന്നാണ് കക്ഷിനേതാക്കളുടെ യോഗത്തിന്റെ വിലയിരുത്തൽ. സഭയിൽ പ്രതിപക്ഷ അവകാശങ്ങൾ ഹനിച്ച നടപടിക്കെതിരെ തലസ്ഥാനത്ത് മോക് നിയമസഭ സമ്മേളനം സംഘടിപ്പിക്കും. വേദിയും തീയതിയും പിന്നീട് തീരുമാനിക്കും. നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷം എന്ന നിലയിൽ കൈക്കൊണ്ട നടപടികളെ യോഗം അഭിനന്ദിച്ചു. സർക്കാറിന്‍റെ ധാർഷ്ട്യത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്.
മുന്നണിയെ വിമർശിച്ചിട്ടില്ലെന്നും യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് സംസാരിച്ച കൂട്ടത്തിൽ മുന്നണി യോഗങ്ങൾ ചേരുന്നതിലെ പോരായ്മ ചൂണ്ടിക്കാട്ടുക മാത്രമാണുണ്ടായതെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ യോഗത്തിൽ വിശദീകരിച്ചു. മുന്നണി യോഗങ്ങൾ ചേരുന്നതിൽ കാലതാമസമുണ്ടായത് വിവിധ സമരപരിപാടികളും മറ്റും ഏറ്റെടുത്തതിനാലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. എല്ലാ മാസവും യു.ഡി.എഫ് നേതൃയോഗങ്ങൾ ചേരാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.