തനിക്കെതിരെ അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, ഉമ്മൻചാണ്ടി സ്പീക്കർക്ക് കത്ത് നൽകി

തിരുവനന്തപുരം: അവിശ്വാസ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി കൂടുതല്‍ സമയം എടുത്തതിനെ ന്യായീകരിക്കാന്‍ അവാസ്തവമായ കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്പീക്കര്‍ക്ക് കത്തുനല്കി.

2005-ലെ അവിശ്വാസപ്രമേയ ചര്‍ച്ചക്ക് മറുപടി പറയാൻ താന്‍ 5.30 മണിക്കൂര്‍ എടുത്തു എന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍, താന്‍ എടുത്ത സമയം 1 മണിക്കൂര്‍ 43 മിനിറ്റ്. അതില്‍ തന്നെ പകുതിയിലേറെ സമയം പ്രതിപക്ഷത്തു നിന്നുമുള്ള അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാനായിരുന്നു. ഇത് സംബന്ധിച്ച എല്ലാ രേഖകളും സ്പീക്കറുടെ ഓഫീസില്‍ ഉണ്ടായിട്ടും സത്യത്തിന് വിരുദ്ധമായി സ്പീക്കര്‍ സഭയില്‍ പ്രസ്താവന നടത്തിയത് നിര്‍ഭാഗ്യകരമാണ് എന്ന് ഉമ്മൻചാണ്ടി കത്തിൽ പറയുന്നു.

2005-ലെ അവിശ്വാസ പ്രമേയ ചര്‍ച്ച 3 ദിവസമായിരുന്നു. 9 മണിക്കൂറാണ് ചര്‍ച്ചക്ക് തീരുമാനിച്ചിരുന്നതെങ്കിലും 25 മണിക്കൂര്‍ നീണ്ടു. ഗവണ്‍മെന്‍റിന് മറുപടി പറയാന്‍ അര്‍ഹതപ്പെട്ട സമയം 4.15 മണിക്കൂര്‍ ഉണ്ടായിരുന്നു. 10 മന്ത്രിമാര്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നു. എന്നിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും എടുത്തത് സമയം 5.15 മണിക്കൂര്‍ മാത്രം. അനുവദിച്ചതിലും ഒരു മണിക്കൂര്‍ അധികം.

കഴിഞ്ഞ തിങ്കാളാഴ്ച ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചക്ക് 5 മണിക്കൂറാണ് നിശ്ചയിച്ചത്. എന്നാല്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുവാന്‍ മാത്രം മുഖ്യമന്ത്രി 3.45 മണിക്കൂര്‍ എടുത്തു. ഇതിനെ ന്യായീകരിക്കുവാനാണ് സ്പീക്കര്‍ ശ്രമിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.