തിരുവനന്തപുരം: എസ്.എഫ്.ഐക്കാർ മർദ്ദിച്ച പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തിൽ സേനക്കുള്ളിൽ കടുത്ത അസംതൃപ്തി. പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലുൾപ്പെടെ പ്രതിഷേധം തിളക്കുകയാണ്. വിഷയം സേനയിൽ പൊട്ടിത്തെറിയാകുമെന്ന് തിരിച്ചറിഞ്ഞാണ് കേരള പൊലീസ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തിറങ്ങിയതും കേസെടുത്ത സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് കമീഷണർ അന്വേഷണത്തിന് ഉത്തരവിട്ടതും.
ഭരണപക്ഷ പാർട്ടിയുടെ പോഷകസംഘടനാ പ്രവർത്തകരിൽ നിന്നുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി സേനാംഗങ്ങൾ ആരോപിക്കുന്നു. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് പൊലീസുകാരൻ മിഥുൻ റോയിക്ക് നേരെയുണ്ടായ അതിക്രമവും കഴിഞ്ഞ ദിവസം കേരള യൂനിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന സംഭവങ്ങളുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കൊടിയുടെ നിറം നോക്കിയല്ല പൊലീസുകാർ പ്രതികരിക്കുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നവരാണ് സേനാംഗങ്ങൾ. എന്നാൽ, അവർക്ക് സംരക്ഷണം നൽകാൻ ആരുമില്ലാത്ത അവസ്ഥയാണെന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് പൊലീസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. മിഥുന് നേരെ കഴിഞ്ഞ ദിവസമുണ്ടായത് ആസൂത്രിതമായ ആക്രമണമാണെന്നാണ് സേനാംഗങ്ങൾ പറയുന്നത്. പുതുവൽല്‍സര ആഘോഷത്തിനിടയിൽ ശംഖുമുഖത്ത് വെച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മിഥുൻ റോയി മർദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മാളിലെ സംഘർഷത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. പൊലീസുകാരുടെ പ്രതിഷേധം കനത്തതിനാൽ സമ്മേളനത്തിൽ ഇത്
ചർച്ചയാകുമെന്ന് തിരിച്ചറിഞ്ഞാണ് പൊലീസ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവം ജനാധിപത്യ കേരളത്തിന് അപമാനമെന്ന് അസോസിയേഷന്‍ പ്രതികരിച്ചു.എസ്.എഫ്.ഐ നടപടി അരാജകത്വം സൃഷ്ടിക്കാനാണെന്ന് കുറ്റപ്പെടുത്തിയ അസോസിയേഷൻ, പൊലീസുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.