വിഴിഞ്ഞം: മാസങ്ങൾക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ശിലുവയ്യൻ കണ്ടത് തനിക്ക് ആദരാഞ്ജലി അർപ്പിച്ച് വീടിന് സമീപത്തെ മരത്തിൽ ഫ്ലക്സ് ബോർഡ് തൂക്കിയിട്ടിരിക്കുന്നതാണ്. മരിച്ചെന്നുകരുതിയ പിതാവിനെകണ്ട ആൻറണി ഒരുനിമിഷം സ്തബ്ധനായി. പിന്നെ പിതാവിനെ വാരിപ്പുണർന്നു. ഫ്ലക്സ് ബോർഡെടുത്ത് ദൂരെയെറിഞ്ഞു. വിഴിഞ്ഞം അടിമലത്തുറ ജനി ഹൗസിലാണ് വികാരനിർഭരരംഗങ്ങൾ അരങ്ങേറിയത്.
55കാരനായ ശിലുവയ്യൻ കഴിഞ്ഞ നവംബർ ആദ്യവാരമാണ് മീൻ പിടിത്തത്തിനായി കാസർകോട്ടേക്ക് ട്രെയിൻ കയറിയത്. ഭാര്യ നേരത്തേ മരിച്ചതോടെ തെൻറ ഏക പ്രതീക്ഷയായ മകൻ ആൻറണിയുടെ ഭാവി, സ്വന്തമായൊരു കിടപ്പാടം എന്നിവയായിരുന്നു ശിലുവയ്യെൻറ മനസ്സിൽ. മമ്മദ് എന്നയാളുടെ വള്ളത്തിലാണ് കടലിലിറങ്ങിയത്. ഓഖി ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയപ്പോൾ വള്ളം എവിടെയോ എത്തി. കാറ്റിെൻറ പിടിയിൽനിന്ന് രക്ഷപ്പെട്ട സംഘം ഒരുവിധത്തിലാണ് കരയിലെത്തിയത്. ഇതിനിടയിൽ ദുരന്തം സംബന്ധിച്ച ബന്ധുക്കളുടെ നിരന്തര ഫോൺ കോളുകൾ എത്തിയതോടെ മറ്റുള്ളവർ നാട്ടിലേക്ക് മടങ്ങി. ശിലുവയ്യൻ പക്ഷേ കൂടെയുള്ളവരുടെ തിരിച്ചുവരവും കാത്ത് അവിടെത്തന്നെ തങ്ങി. പണമില്ലാതെ നാട്ടിലേക്ക് വന്നിട്ട് കാര്യമില്ലല്ലോ എന്നേ കരുതിയുള്ളൂ. വീണ്ടും കടലിൽ വള്ളമിറക്കാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, നാട്ടിൽ അതായിരുന്നില്ല സ്ഥിതി.
മാസങ്ങൾ കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭിക്കാതെവന്നതോടെ അടിമലത്തുറയിൽ ഓഖിയെ തുടർന്ന് തിരിച്ചുവരാത്തവരുടെ ഗണത്തിൽ ശിലുവയ്യനും കടന്നുകൂടി. തീരമണയാത്തവർക്കായുള്ള പ്രത്യേക പ്രാർഥനയിലും ഇയാൾ സ്ഥാനം പിടിച്ചു. മാതാവിെൻറ ആകസ്മിക നിര്യാണത്തോടെ ഒറ്റപ്പെട്ട് ബന്ധുവിെൻറ തണലിൽ കഴിയുന്ന ഏകമകൻ ആൻറണി മാത്രം കർത്താവിെൻറ ചില്ലിട്ട പടത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് അച്ഛനെ മടക്കിത്തരണമേയെന്ന് ദിവസവും മനമുരുകി പ്രാർഥിക്കുന്നുണ്ടായിരുന്നു. ബന്ധുക്കൾ തിരിച്ചുവരാത്തവരുടെ കൂട്ടത്തിൽപെടുത്തി രണ്ട് ഫ്ലക്സ് ബോർഡുകൾ തൂക്കിയപ്പോഴും ആൻറണി പ്രതീക്ഷ കൈവെടിഞ്ഞിരുന്നില്ല.
മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായി ആൻറണി ആ ബോർഡിൽ ഇങ്ങനെ കുറിച്ചു ‘എന്നെങ്കിലും തിരിച്ചുവരണമേ എന്ന പ്രാർഥനയോടെ’. അവസാനം ആ പ്രാർഥന ദൈവം കേട്ടു. കാസർകോട് ദിവസങ്ങളോളം അലഞ്ഞ ശിലുവയ്യൻ പരിചയക്കാരോട് കടം വാങ്ങിയ പണവുമായി നാട്ടിലേക്ക് വണ്ടികയറി കഴിഞ്ഞദിവസം വൈകുന്നേരം അടിമലത്തുറയിൽ എത്തുകയായിരുന്നു. ഈ അപൂർവ സംഗമത്തിന് സാക്ഷികളാകാൻ നാട്ടുകാരും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.