തിരുവനന്തപുരം: ആർത്തലക്കുന്ന കടലിന് മുന്നിൽ ഉറ്റവർക്ക് വേണ്ടി കാത്തിരുന്നവർ പ്രതിഷേധവുമായി നിരത്തിലേക്ക്. അധികൃതരുടെ അനാസ്ഥയാണ് പ്രിയപ്പെട്ടവരുടെ തിരിച്ചെത്തൽ വൈകാൻ കാരണമെന്നാരോപിച്ച് തീരത്തേക്കുള്ള റോഡുകൾ വ്യാപകമായി ഉപരോധിച്ചാണ് ഇവർ പ്രതിഷേധിച്ചത്. രാവിലെ പതിനൊന്നരയോടെ വലിയതുറ കുഴിവിളാകത്താണ് ആദ്യ ഉപരോധം നടന്നത്. നാല് ഭാഗത്ത് നിന്നുള്ള റോഡുകളും തടിയും കല്ലുകളും കൊണ്ട് ഉപരോധിച്ച് സ്ത്രീകളടക്കം റോഡിൽ കുത്തിയിരുന്നു.
ഇവിടെനിന്ന് ഒരു വള്ളത്തിൽ നാല് പേരാണ് ബുധനാഴ്ച വൈകീട്ടോടെ കടലിൽ പോയത്. സാധാരണ വ്യാഴാഴ്ച രാവിലെ പത്തിനുള്ളിൽ മടങ്ങി വരേണ്ടതാണെങ്കിലും വെള്ളിയാഴ്ചയായിട്ടും ഒരുവിവരവും ലഭിക്കാതായതോടെ ഇവർ പ്രതിഷേധവുമായിറങ്ങി. ഏറെനേരം ഉപരോധിച്ചശേഷം അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇവർ പിന്മാറിയത്.
വലിയതുറ സെൻറ് സേവിയേഴ്സ് ജങ്ഷനിൽ കോവളം ബൈപാസിൽ തിരുവല്ലത്ത് നാട്ടുകാർ റോഡുപരോധിച്ചു. വൻ ജനാവലിയാണ് തിരുവല്ലത്ത് റോഡിലിറങ്ങിയത്.
ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് സാധ്യമാകുംവേഗത്തിൽ ഹെലികോപ്ടർ അയക്കാമെന്ന ഉറപ്പിലാണ് തീരദേശവാസികൾ ഉപരോധത്തിൽനിന്ന് പിന്മാറിയത്. അധികൃതരെയും ജനപ്രതിനിധികളെയും കണ്ടില്ലെന്നാരോപിച്ചാണ് സ്ത്രീകളടക്കം പ്രതിഷേധിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പരിശ്രമത്തിലാണെന്ന് അധികൃതർ അറിയിെച്ചങ്കിലും പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.