കോഴിക്കോട്: തടമ്പാട്ടു താഴം ഡിവിഷനിൽനിന്ന് വിജയിച്ച ഒ. സദാശിവൻ കോഴിക്കോട് കോർപറേഷൻ മേയറായേക്കും. നിലവിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയും കോട്ടൂളി ഡിവിഷനിൽ നിന്ന് വിജയിക്കുകയും ചെയ്തു ഡോ. എസ്. ജയശ്രീ ഡെപ്യൂട്ടി മേയറും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സി.പി.എമ്മിന്റെ കോളജ് അധ്യാപക സംഘടനയുടെ ഭാരവാഹിയും മീഞ്ചന്ത ഗവ. ആര്‍ട്സ് കോളജ് പ്രിന്‍സിപ്പലുമായിരുന്നു ജയശ്രീ.
ഇതുസംബന്ധിച്ച് രണ്ടുദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സദാശിവന്റെയും ഡോ. ജയശ്രീയുടെയും ബേപ്പൂർ പോർട്ട് വാർഡിൽ നിന്നുള്ള പി. രാജീവിന്റെയും പേരുകളാണ് മേയർ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. മേയർ സ്ഥാനാർഥിയായിരുന്ന സി.പി. മുസാഫർ അഹ്മദിന്റെ തോൽവിയെ തുടർന്നാണ് ആ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടുപിടിക്കേണ്ടി വന്നത്. രണ്ട് തവണ കൗൺസിലറായിട്ടുണ്ട് സദാശിവൻ. ആ പരിചയസമ്പത്താണ് മേയർ സ്ഥാനത്തേക്ക് പരിഗണിച്ചത്. 26നാണ് കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ്. അതിന് മുമ്പ് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം, യു.എഡി.എഫിന്റെ സീറ്റുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ മൂന്ന് സ്റ്റാന്റിങ് കമ്മിറ്റി പദവികൾ ഇത്തവണ എൽ.ഡി.എഫിന് കിട്ടില്ല. അതിനിടെ, മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് യു.ഡി.എഫ് ഒറ്റക്ക് മത്സരിക്കുമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. മുസാഫിറിനെ തോൽപിച്ച എസ്.കെ അബൂബക്കറായിരിക്കും യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥി. 76 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 34 ഉം യു.ഡി.എഫിന് 26 ഉം എൻ.ഡി.എക്ക് 13 ഉം സീറ്റ് വീതമാണുള്ളത്. എൽ.ഡി.എഫിന് ഭൂരിപക്ഷമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.