എന്‍.യു.എല്‍.എം പദ്ധതി എല്ലാ നഗരസഭകളിലും; 2000 അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിക്കും

പാലക്കാട്: നഗരപ്രദേശങ്ങളിലെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള ദേശീയ നാഗരിക ഉപജീവന മിഷന്‍ (എന്‍.യു.എല്‍.എം) പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലേക്കും വ്യാപിപ്പിച്ചു. 2015ല്‍ പൈലറ്റ് പ്രോജക്ടായി 14 നഗരസഭകളിലാരംഭിച്ച പദ്ധതിയാണ് വ്യാപിപ്പിച്ചത്. കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

അയല്‍ക്കൂട്ടങ്ങളെ ശക്തിപ്പെടുത്തുകയും അംഗങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യപരിശീലനവും ജോലിയും ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. സ്വയംതൊഴില്‍ പദ്ധതിയും ശേഷി വര്‍ധിപ്പിക്കാനുള്ള വിവിധ സ്കീമുകളും നടപ്പാക്കും. ഭവനരഹിതര്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കാനും തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. തൊഴില്‍ നിപുണരെ കണ്ടത്തൊന്‍ കുടുംബശ്രീ സര്‍വേ നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.

പരിശീലനം പൂര്‍ത്തീകരിച്ചശേഷം തൊഴില്‍ വൈദഗ്ധ്യമുള്ളവരെ ചേര്‍ത്ത് ലേബര്‍ ബാങ്ക് രൂപവത്കരിക്കും. തൊഴില്‍ സംരംഭകര്‍ക്ക് ലേബര്‍ ബാങ്കില്‍നിന്ന് പ്ളേസ്മെന്‍റിന് അവസരമൊരുക്കും. നഗരകേന്ദ്രങ്ങളില്‍ ലേബര്‍ ബാങ്കുകളുള്‍പ്പെടെ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സിറ്റി ലവ്ലിഹുഡ് സെന്‍ററുകള്‍ സ്ഥാപിക്കും. പത്ത് ലക്ഷം രൂപയാണ് ഓരോ സെന്‍ററിനും അനുവദിക്കുക. അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ഇവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണന സൗകര്യമേര്‍പ്പെടുത്താനും സേവനകേന്ദ്രങ്ങളായും ഇവയെ ഉപയോഗപ്പെടുത്താം.

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കൊച്ചി കോര്‍പറേഷനുകളിലും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃക്കാക്കര, പാലക്കാട്, മലപ്പുറം, കല്‍പ്പറ്റ, കണ്ണൂര്‍, കാസര്‍കോട് നഗരസഭകളിലുമാണ് പൈലറ്റ് പദ്ധതി നടപ്പാക്കിയത്. ഈ നഗരസഭകളില്‍ 1200 അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിക്കുകയും എ.ഡി.എസുകള്‍ക്ക് റിവോള്‍വിങ് ഫണ്ട് നല്‍കുകയും ചെയ്തു.

തൊഴില്‍ പരിശീലനം പൂര്‍ത്തീകരിച്ച 1200 പേര്‍ക്ക് പ്ളേസ്മെന്‍റ് നല്‍കി. 300 പേര്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ വായ്പ അനുവദിച്ചു. തിരുവനന്തപുരത്ത് മൂന്ന് ഷെല്‍ട്ടര്‍ ഹോമും കൊല്ലത്ത് ലവ്ലിഹുഡ് സെന്‍ററും തുടങ്ങി. പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേയില്‍ 14 നഗരസഭകളില്‍ ആകെ 10,600 തെരുവുകച്ചവടക്കാരുണ്ടെന്ന് കണ്ടത്തെി. ഇവര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കാന്‍ നടപടി തുടങ്ങി. ലൈസന്‍സുള്ള തെരുവുകച്ചവടക്കാര്‍ക്ക് ഉടന്‍ ധനസഹായം നല്‍കും. പുതിയവര്‍ഷം സംസ്ഥാനത്ത് 2000 പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിക്കാനും 2000 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രോജക്ട് ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ് ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    
News Summary - NULM program in all muncipalities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.