ജി. സുകുമാരൻ നായർ, വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യ പ്രഖ്യാപനം ഇരു സംഘടനകളും തമ്മിൽ വിവിധ വിഷയങ്ങളിൽ ധാരണയിലെത്തിയ ശേഷമെന്ന് സൂചന. ജി. സുകുമാരൻ നായരുമായി ചർച്ച നടത്തുമെന്നും അതിനായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയെന്നുമാണ് എസ്.എന്‍.ഡി.പി നേതൃയോഗത്തിന് ശേഷം വെള്ളാപ്പള്ളി പറഞ്ഞത്. അതേസമയം തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രഷ്ട്രീയ നിലപാട്, മുസ്ലിം സമൂഹത്തോടും മുസ്ലിം ലീഗിനോടുമുള്ള സമീപനം, കോൺഗ്രസിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി ആരാകണം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ധാരണയിലെത്തി എന്നാണ് സൂചന. ഇരു മുന്നണികളോടും എൻ.എസ്.എസിന്‍റെ സമദൂരം എസ്.എൻ.ഡി.പിയും പിന്തുടരുമെന്നും അറിയുന്നു.
ഇനി തങ്ങൾ തമ്മിൽ തെറ്റുന്ന അവസ്ഥ ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളിയും സുകുമാരൻ നായരും പറയുന്നു. ഇത് അടിസ്ഥാന കാര്യങ്ങളിൽ പൊരുത്തപ്പെടുന്നതിന് ധാരണയായതിന്‍റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. ‘നായാടി മുതൽ നസ്രാണി വരെയുള്ള’ വരുടെ സാമൂഹിക മുന്നേറ്റം വേണമെന്നാണ് നേതൃയോഗം പാസാക്കിയ പ്രമേയത്തിൽ പറയുന്നത്. നേരത്തെ പറഞ്ഞ് വന്നത് നായാടി മുതൽ നമ്പൂതിരിവരെ എന്നാണ്.
സംഘ് പരിവാറിന്‍റെ പ്രേരണയിൽ മുസ്ലിം സമൂഹത്തോട് ശത്രുത പുലർത്തുന്ന ഒരു വിഭാഗം ക്രൈസ്തവ സംഘടനകളിലുണ്ട്. അവരെ കൂടി കൂട്ടുപിടിക്കുന്ന സമീപനമാണ് പ്രമേയത്തിലൂടെ മുന്നോട്ട് വെക്കുന്നത്. എൻ.എസ്.എസിന്‍റെ ഇംഗിതം കൂടി ഇതിനുള്ളതായി പറയുന്നു. മുമ്പ് എൻ.എസ്.എസുമായി കൈകോർക്കുകയും പിന്നീട് പിണങ്ങുകയും ചെയ്തത് സൂചിപ്പിച്ചപ്പോൾ ചത്ത കൊച്ചിന്‍റെ ജാതകം നോക്കേണ്ടെന്നും പുതിയ കൊച്ചിനെ കുറിച്ച് സംസാരിക്കാമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ നിലപാട്.
രണ്ട് സംഘടനകളുടെയും ഐഡന്‍റിറ്റി അതേ പോലെ നില നിർത്തിക്കൊണ്ടായിരിക്കും മുന്നോട്ട് പോകുക. എൻ.എസ്.എസുമായി ആലോചിച്ചേ ഏത് തീരുമാനവും എടുക്കുകയുള്ളൂ എന്നും വെള്ളാപ്പള്ളി പറയുന്നു.
ചങ്ങനാശ്ശേരി: എൻ.എസ്.എസിന്‍റെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടംതട്ടാതെ എസ്.എൻ.ഡി.പിയുമായുള്ള ഐക്യം യാഥാർഥ്യമാക്കുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കണിച്ചുകുളങ്ങരയിലെ എസ്.എൻ.ഡി.പി യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയ തീരുമാനത്തോട് എൻ.എസ്.എസ് ആസ്ഥാനത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യം വി.ഡി. സതീശനെതിരെയല്ല. യാതൊരു പാർലമെന്ററി മോഹങ്ങളും എൻ.എസ്.എസിനില്ല. പ്രബല ഹിന്ദുസമുദായങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഐക്യത്തിൽ ആശങ്ക രാഷ്ട്രീയകാർക്ക് മാത്രമാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എസ്.എൻ.ഡി.പി യോഗത്തിന്റെ തീരുമാനമറിയിക്കാൻ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടുത്തദിവസം തന്നെ പെരുന്നയിലെത്തുമെന്നാണ് അറിയുന്നത്. തുഷാറിനെ രാഷ്ട്രീയനേതാവായി കരുതാതെ വെള്ളാപ്പള്ളിയുടെ മകനായി സ്വീകരിക്കും. എസ്.എൻ.ഡി.പിയുമായി ഐക്യമെന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. തുഷാർ വന്നശേഷം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ഐക്യം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കും.
എസ്.എൻ.ഡി.പിയുമായി മുമ്പ് ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇപ്പോഴതില്ല. നേരത്തെ ഐക്യമുണ്ടായപ്പോൾ സംവരണവിഷയങ്ങളിലാണ് ഭിന്നതയുടലെടുത്തത്. ഇവിടെ രാഷ്ട്രീയം വിഷയമല്ല. സമുദായസംഘടനകളുടെ ഐക്യം സി.പി.എമ്മിനെയോ മറ്റു രാഷ്ട്രീയകക്ഷികളെയോ സഹായിക്കാനല്ല. എൻ.എസ്.എസ് എന്നും സമദൂരത്തിനൊപ്പമാണ്.
വി.ഡി. സതീശൻ ഉമ്മാക്കിയൊന്നുമല്ലെന്നും കോൺഗ്രസ് പറഞ്ഞ് സതീശനെ വലിയ ആളാക്കുന്നതാണെന്നും സുകുമാരൻ നായർ പറഞ്ഞു. ശബരിമല സ്വർണപ്പാളി കവർച്ച കേസിൽ കുറ്റവാളികളാരായാലും ശിക്ഷിക്കപ്പെടണം. കോടതി ജാഗ്രതയോടെ മുന്നോട്ടുപോകുന്നുണ്ട്. തൊണ്ടിമുതൽ കണ്ടെടുക്കയും വേണം. ഭരണത്തുടർച്ച സംബന്ധിച്ച വിഷയങ്ങളിലോ മന്ത്രി സജി ചെറിയാന്റെ കാര്യത്തിലോ മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.