തൃശൂർ: ഗൾഫിൽനിന്ന് വന്ന് 46 ദിവസമായി ഷെമി അലയുകയാണ്. തിരുവനന്തപുരം മുതൽ കാസർക ോട് വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും പൊലീസ് സ്റ്റേഷനു കളിലും സഹോദരൻ നൗഷാദിനെ അന്വേഷിച്ച് ഷെമി കയറിയിറങ്ങാത്ത ഒരിടവും ബാക്കിയില്ല.
കണ്ണൂർ നാറാത്ത് ഹർഷവില്ലയിലെ മുഹമ്മദ് നൗഷാദ് ‘താജ്മഹൽ’ എന്ന തിരക്കഥയുമായി വീട്ട ിൽനിന്ന് ഇറങ്ങിയിട്ട് ഒന്നര വർഷത്തോളമായി. കഥകളും കവിതകളും എഴുതി ഒതുങ്ങിക്കൂട ി ജീവിക്കുന്ന പ്രകൃതക്കാരൻ. എറണാകുളത്തും തിരുവനന്തപുരത്തും തൃശൂരിലും താമസിച്ചിരുന്ന ഇദ്ദേഹത്തിന് ഇവിടെയുള്ള ലൈബ്രറികളിലെല്ലാം മെംബർഷിപ്പുണ്ട്. എവിടെയാണെങ്കിലും കൃത്യമായ ഇടവേളകളിൽ സഹോദരിമാരെ വിളിക്കും. ഒരു മുന്നറിയിപ്പുമില്ലാതെ വീട്ടിൽ വന്നുകയറും. മൂന്ന് സഹോദരിമാരോട് നേരിട്ടും ഗൾഫിലുള്ള ഷെമിയോട് ഫോണിലും കഥകൾ മുഴുവൻ പറയും.
തിരക്കഥ സിനിമയാവുകയാണെന്ന അമിതാഹ്ലാദത്തിലാണ് അന്ന് നൗഷാദ് വീട്ടിൽനിന്ന് ഇറങ്ങിയത്. കുറേ നാളത്തേക്ക് കാണാതായപ്പോഴും പതിവുള്ള യാത്ര ഒന്നുകൂടി നീളുകയാണെന്നേ സഹോദരിമാർ കരുതിയുള്ളൂ. സുഹൃത്തുക്കളെയും വിളിച്ചിട്ട് മാസങ്ങളാെയന്ന് മനസ്സിലായതോടെ അന്വേഷണം തുടങ്ങി. നാട്ടിലുള്ള സഹോദരിമാരുടെ അന്വേഷണം വഴിമുട്ടിയപ്പോൾ ഗൾഫിൽനിന്ന് ഷെമിയും ഭർത്താവ് ഫസ്ലുവും വന്നു. ഈയിടെ ഫസ്ലു ദുബൈയിലുള്ള മക്കളുടെ അടുത്തേക്ക് തിരിച്ചുപോയതോടെ ഷെമി ഒറ്റക്കായി. പൊലീസിനും ഡി.ജി.പിക്കും കമീഷണർക്കും സൈബർ സെല്ലിലും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
നൗഷാദിനെ കണ്ടെന്ന് ആരോ സംശയം പറഞ്ഞ ബീമാപള്ളിയിലും ഓച്ചിറയിലും അന്വേഷിച്ചു. അതിനിടെയാണ് കായംകുളത്തുള്ള വിശ്വമോഹൻദേവ് ട്രെയിനിലെ ടോയ്ലറ്റിന് സമീപം കിടന്നുറങ്ങുന്ന നൗഷാദിനോട് രൂപസാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഫേസ്ബുക്കിലിട്ടത്. സഹോദരിമാർ തറപ്പിച്ച് പറയുന്നു, അത് തന്നെയാണ് തങ്ങളുടെ പൊന്നാങ്ങളയെന്ന്.
അതോടെ അന്വേഷണം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാക്കി. ഓരോ സ്റ്റേഷനിലും ഇറങ്ങി പോർട്ടർമാരോട് ചോദിച്ചു, ആർ.പി.എഫിനോട് പരാതിപ്പെട്ടു. ആങ്ങളയെ തിരിച്ച് കിട്ടിയാൽ മാത്രം മതിയെന്നാണ് സഹോദരിമാരുടെ ആഗ്രഹം. സഹോദരനെ കണ്ടെത്തിയേ തീരൂ എന്ന ദൃഢനിശ്ചയത്തിലാണ് ഷെമി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.