വാഹന വ്യൂഹവും ഇസഡ് പ്ലസ് സുരക്ഷയുമില്ല; ഇത് സതീശൻ സ്റ്റൈൽ

തിരുവനന്തപുരം: തനിക്ക് കൂടുതൽ സുരക്ഷാക്രമീകരണങ്ങളും വാഹനവ്യൂഹവും വേണ്ടെന്നും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കരുതെന്നും നിർദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡി.ജി.പി രവാഡ ചന്ദ്രശേഖർ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടും ആഭ്യന്തര വകുപ്പ് ഉന്നതരോടുമാണ് അദ്ദേഹം ഈ നിർദേശം നൽകിയത്. അകമ്പടി ഉൾപ്പെടെ വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാൽ, മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയുടെ സുരക്ഷ അതീവ പ്രധാനമാണെന്നും അതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടിവരുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അങ്ങനെയാണെങ്കിൽ പൈലറ്റും എസ്കോർട്ടും മാത്രം മതിയെന്ന നിലപാടിൽ സതീശൻ ഉറച്ചുനിന്നു. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.

വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെ താൻ പോകുകയാണെങ്കിൽ അത് കാണുന്ന ജനങ്ങൾ പുറത്തുപറഞ്ഞില്ലെങ്കിലും മനസ്സിൽ ചിരിക്കും. അത് ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു വി.ഡി. സതീശൻ ഇതുസംബന്ധിച്ച് പ്രതികരിച്ചത്. ‘‘അധികാരത്തിന്‍റെ പത്രാസില്‍ മയങ്ങില്ല. ഇസഡ് പ്ലസ് സുരക്ഷ വേണ്ടെന്നു പറഞ്ഞത് അതുകൊണ്ടാണ്. ആര്‍ഭാടം ഒഴിവാക്കിയാല്‍ ജനവുമായി അടുക്കുമെന്ന് കരുതുന്ന വ്യക്തിയാണ് താൻ. പ്രഥമ പരിഗണന ഖജനാവ് നിറയ്ക്കാനാണ്’’. പിണറായി വിജയൻ ഉപയോഗിച്ച കറുത്ത കാർ മാറ്റുമോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ‘‘മുഖ്യമന്ത്രിയെന്ന നിലക്ക് ഒരു പുതിയ കാർ വാങ്ങുന്നത് വലിയ പ്രശ്നമാകില്ല. പക്ഷേ, അത് തെറ്റായ സന്ദേശം നൽകുന്നതാകും. മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങില്ല. ഏത് നിറത്തിലുള്ള കാർ ലഭ്യമാക്കിയാലും അതിൽ യാത്ര ചെയ്യും. ’’-അദ്ദേഹം പറഞ്ഞു.

അതിനിടെ, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പിണറായി വിജയൻ യാത്ര ചെയ്തിരുന്ന കറുത്ത കാറും മാറ്റുമെന്നാണ് വിവരം. പിണറായി വിജയന് പൊലീസ് ഫണ്ടിൽനിന്ന് വാങ്ങിയ രണ്ടു കറുത്ത ഇന്നോവ കാറുകളും പൊലീസ് തിരികെ ഏറ്റെടുത്തു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചശേഷം പിണറായി വിജയൻ എ.കെ.ജി സെന്‍ററിലെ കാറാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുമ്പ് ഉപയോഗിച്ചിരുന്ന കാറുകൾ പൊലീസ് തിരിച്ചെടുത്തത്.

സത്യപ്രതിജ്ഞക്ക് ശേഷം പുതിയ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടത്. പിണറായി വിജയൻ ഉപയോഗിച്ചുവന്ന കറുത്ത നിറത്തിലുള്ള കിയ കാർണിവൽ കാറും സതീശൻ ഉപയോഗിക്കില്ലെന്നാണ് വിവരം. പുതുതായി ചുമതലയേൽക്കുന്ന ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടാൽ കറുത്ത കാർ വിട്ടുനൽകാനുള്ള തീരുമാനത്തിലാണ് പൊലീസ്.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വലിയ സുരക്ഷാസന്നാഹങ്ങളും വാഹനവ്യൂഹവും ഉപയോഗിച്ചത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.ജനങ്ങളെ നടുറോഡിൽ മണിക്കൂറോളം തടഞ്ഞായിരുന്നു പലപ്പോഴും മുഖ്യമന്ത്രിയുടെ യാത്ര. അതിനെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഉൾപ്പെടെ വിമർശിച്ചിരുന്നു.

Tags:    
News Summary - No vehicle fleet and Z Plus security; This is Satheesan style

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.