സി.പി.എം പാർട്ടി കോൺഗ്രസ് നടപടികൾ വിശദീകരിക്കുന്ന വാർത്തസമ്മേളനത്തിനിടെ കമ്മൽ മുറുക്കുന്ന പി.ബി അംഗം വൃന്ദ കാരാട്ട്. എം.വി.ജയരാജൻ സമീപം

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല -സി.പി.എം

കണ്ണൂർ: 2024ലെ പൊതുതെരഞ്ഞെടുപ്പിൽ മുഖ്യ ശത്രുവായ ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനുള്ള പോരാട്ടത്തിൽ കോൺഗ്രസുമായി ദേശീയ തലത്തിൽ രാഷ്ട്രീയ സഖ്യം പാടില്ലെന്ന രാഷ്ട്രീയ നയത്തിന് 23 ാം സി.പി.എം പാർട്ടി കോൺഗ്രസിന്റെ അംഗീകാരം. ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്വതന്ത്ര ശക്തി വർധിപ്പിക്കാനും ബഹുജന പ്രക്ഷോഭങ്ങളിലൂടെ വർഗതലത്തിൽ ജനങ്ങളെ അണിനിരത്താനും ലക്ഷ്യമിടുന്നതാണ് രാഷ്ട്രീയ പ്രമേയം.

സീതാറാം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം രണ്ട് ദിവസം നീണ്ട ചർച്ചക്കൊടുവിൽ ഐകകണ്ഠ്യേനയാണ് പ്രതിനിധികൾ അംഗീകരിച്ചത്. അതേസമയം പോളിറ്റ്ബ്യൂറോ അംഗീകരിച്ച് മുന്നോട്ട് വെച്ച ഭേദഗതികൾ വോട്ടെടുപ്പോടെയാണ് അംഗീകരിച്ചത്. കോൺഗ്രസുമായി ഒരു തരത്തിലും സഖ്യമോ ധാരണയോ പാടില്ലെന്നായിരുന്നു കേരള ഘടകത്തിന്റെ നിർദേശം. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടപ്പോൾ വ്യക്തതക്കുറവൊന്നുമില്ലെന്നായിരുന്നു ജനറൽ സെക്രട്ടറിയുടെ മറുപടി.

ഹിന്ദുത്വ വർഗീയതയെ പരാജയപ്പെടുത്താൻ വിശാലമായ തലത്തിൽ മതേതര ശക്തികളെ പാർട്ടി അണിനിരത്തണമെന്ന് പ്രമേയം നിർദേശിക്കുന്നു. പാർലമെന്റിൽ യോജിക്കാവുന്ന വിഷയങ്ങളിൽ മതേതര പ്രതിപക്ഷ കക്ഷികളുമായി സഹകരിക്കും. തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏറ്റവും അധികം സമാഹരിക്കുന്നതിനുള്ള യോജിച്ച രാഷ്ട്രീയ അടവ് നയം സ്വീകരിക്കുമെന്നും പ്രമേയം അടിവരയിടുന്നു. പ്രാദേശിക കക്ഷികൾ കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും മതേതരത്വം സംരക്ഷിക്കാനും നടത്തുന്ന പൊതുസമരങ്ങളുമായി സഹകരിക്കാനും തീരുമാനിച്ചു.

Tags:    
News Summary - No political alliance with Congress: CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.