പരസ്യ പ്രതികരണം നടത്താത്ത നേതാക്കളില്ല, നടപടിയെടുത്തവർ തങ്ങളുടെ ചരിത്രം ഓർക്കണം -കെ.സി. ജോസഫ്

കോഴിക്കോട്: ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിലെ പ്രതിഷേധം പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. പരസ്യ പ്രതികരണത്തിന്‍റെ പേരിൽ നേതാക്കളെ സസ്പെൻഡ് ചെയ്തതിനെതിരെയും അദ്ദേഹം തുറന്നടിച്ചു.

ഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ എല്ലാമുണ്ടെന്ന് പറഞ്ഞ കെ.സി. ജോസഫ്, നേതാക്കളോട് സാമാന്യ മര്യാദ കാട്ടിയില്ലെന്നും പ്രതികരിച്ചു. പരസ്യ പ്രതികരണം നടത്താത്ത നേതാക്കളില്ല. നടപടിയെടുത്തവർ തങ്ങളുടെ ചരിത്രം ഓർക്കണമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഹൈകമാൻഡിനെ ആർക്കും കുറ്റപ്പെടുത്താനാവില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി അധ്യക്ഷന്മാർ എന്നിവരുമായി ചർച്ച നടത്തി സമവായത്തിലെത്തണമായിരുന്നു. എന്നാൽ, അത്തരം ചർച്ചകൾ നടന്നില്ല. അതിൽ ദു:ഖവും പ്രതിഷേധവുമുണ്ട്. എല്ലാവരും കൂടിയാലോചിച്ചിരുന്നെങ്കിൽ തലവേദനയില്ലാത്ത പട്ടികയുണ്ടാക്കാൻ സാധിക്കുമായിരുന്നു -കെ.സി. ജോസഫ് പറഞ്ഞു.

ഡി.സി.സി അധ്യക്ഷ പട്ടികക്കെതിരെ സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് പ്രതിഷേധമുയർത്തുകയാണ്. ഡി.സി.സി പട്ടിക സംബന്ധിച്ച് കാര്യമായ ചർച്ച നടന്നില്ലെന്നും അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് ഫലപ്രദമായ ചർച്ച നടത്തിയിരുന്നെങ്കിൽ ഇതിനേക്കാൾ നല്ല അന്തരീക്ഷം ഉണ്ടാക്കാൻ സാധിക്കുമായിരുന്നു. ചർച്ച കാര്യമായി നടത്തിയില്ല. ചർച്ച നടത്തിയെന്ന് വരുത്തി. പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും ചർച്ചയൊന്നും നടന്നില്ല. അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. മുമ്പെല്ലാം പുനഃസംഘടനയെക്കുറിച്ച് ഫലപ്രദമായ ചർച്ച നടക്കുന്നത് കൊണ്ട് ഇതുപോലെ പ്രശ്നം ഉണ്ടായിരുന്നില്ല -അദ്ദേഹം പറഞ്ഞു.

പട്ടികയിൽ വേണ്ടത്ര ചർച്ചയുണ്ടായില്ലെന്ന കുറ്റപ്പെടുത്തലുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. എല്ലാവർക്കും ഗ്രൂപ്പുണ്ട്. എല്ലാവരും ഗ്രൂപ്പ് മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന്‍റെ നിർദേശങ്ങൾ അനുസരിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും ചെന്നിത്തല പറഞ്ഞു.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുൻ എം.എൽ.എ കെ. ശിവദാസന്‍ നായരെയും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെയും വലിയ പ്രതിഷേധമുയരുന്നുണ്ട്.

അംഗത്വം റദ്ദാക്കാൻ സാധിച്ചേക്കും, എന്നാൽ കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ സാധിക്കില്ലെന്നാണ് ശിവദാസൻ നായർ പ്രതികരിച്ചത്. തന്‍റെ കൂടി രക്തം കൊടുത്ത് വളർത്തിയ പാർട്ടിയാണിത്. എന്നും കോൺഗ്രസുകാരനായിരിക്കും. അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം പരസ്യപ്രതികരണം തിരുത്താം. സദുദ്ദേശപരമായ വിമർശനം പാടില്ലെങ്കിൽ കോൺഗ്രസ് പാർട്ടിയല്ലാതാകും. ഇപ്പോൾ പ്രതികരിച്ചത് ഭാവിയിൽ കുറ്റബോധം തോന്നാതിരിക്കാനാണ്. കെ. സുധാകരനോട് വിയോജിപ്പില്ല. വിമർശനമുയർന്നവർ അത് ഉൾക്കൊള്ളാൻ തയാറാകണമെന്നും ശിവദാസൻ നായർ പറഞ്ഞു.

അതേസമയം, തന്നെ സസ്പെൻഡ് ചെയ്തതിനോട് കെ.പി. അനില്‍കുമാർ രൂക്ഷമായാണ് പ്രതികരിച്ചത്. യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതായി അനില്‍കുമാർ ആരോപിച്ചു. സസ്പെൻഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡി.സി.സി ഓഫിസിൽ കയറാൻ ആളുകൾ ഇനി ഭയക്കുമെന്നും അനിൽ കുമാർ പറഞ്ഞു. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുറത്താക്കുകയും കൂട്ടിക്കൊടുക്കുന്നവനെയും ഇഷ്ടക്കാരനെയും പാർട്ടിക്കകത്ത് വെച്ചുചേർക്കുകയുമാണ് ചെയ്യുന്നത്. പകുതിയിലേറെ പേരും അങ്ങനെ വന്നതാണ്. ഗ്രൂപ്പിനതീതമായ ഒരാളെയെങ്കിലും കാണിക്കാൻ സാധിക്കുമോ. കോൺഗ്രസിലെ പൂരം ഉടൻ തുടങ്ങും. കാണാനിരിക്കുന്നത് ഇപ്പോൾ പറഞ്ഞറിയിക്കുന്നില്ലെന്നും അനിൽ കുമാർ പ്രതികരിച്ചു.


Tags:    
News Summary - no leaders who do not respond to publicity, those who take action must remember their history -KC Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.