ചുങ്കത്തറ പഞ്ചായത്തിൽ അവിശ്വാസപ്രമേയം വിജയിച്ചശേഷം പുറത്തിറങ്ങിയ അംഗം നുസൈബ സുധീറിനെ യു.ഡി.എഫ് പ്രവർത്തകർ സ്വീകരിക്കുന്നു
എടക്കര: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുത്ത ചൊവ്വാഴ്ച ചുങ്കത്തറയില്‍ നടന്നത് നാടകീയ രംഗങ്ങള്‍. ചര്‍ച്ച നടക്കുന്നതിനിടെ യു.ഡി.എഫ് അംഗങ്ങള്‍ക്കു നേരെ മലിനജല പ്രയോഗവും മുന്‍ എം.എല്‍.എ പി.വി. അന്‍വറിനും വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് സുധീറിനും നേരെ ആക്രമണശ്രമവും നടന്നു.
ഇരു മുന്നണികളുടെ പ്രവര്‍ത്തകർ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. വന്‍ പൊലീസ് സന്നാഹമാണ് രാവിലെ മുതല്‍ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നത്. പത്തേമുക്കാലോടെയാണ് അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുത്തത്. ഇതിനിടെയാണ് യു.ഡി.എഫ് അംഗങ്ങള്‍ക്കുനേരെ മലിനജലപ്രയോഗം നടന്നത്. ചര്‍ച്ചക്കിടെ യു.ഡി.എഫ്, എല്‍.ഡി.എഫ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം എന്നിവരടക്കമുള്ള യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും നേരത്തേതന്നെ ഓഫിസിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. സി.പി.എം ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് പി. ഷെബീര്‍ ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു.
ചായക്കടയില്‍ ഇരിക്കുകയായിരുന്ന പി.വി. അന്‍വറിനും തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം കണ്‍വീനര്‍ സുധീറിനും നേരെ ആക്രമണ ശ്രമമുണ്ടായതോടെ ഷട്ടര്‍ താഴ്ത്തി. സംഘര്‍ഷത്തിലേക്കു നീങ്ങിയതോടെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരുമെത്തി അന്‍വറിനെ പുറത്തിറക്കി.
പി.വി. അന്‍വറിനെ പിന്തുണക്കുന്നവര്‍ എത്തിയതെന്ന് പറയുന്ന ബസിനു നേരെയും പ്രതിഷേധമുണ്ടായി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പൊലീസ് നിര്‍ദേശിച്ചപ്രകാരം പ്രകടനം കുറഞ്ഞ ദൂരത്തില്‍ മാത്രമാക്കി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.