കോട്ടയം നഗരസഭയിൽ അവിശ്വാസപ്രമേയ ചർച്ച ഇന്ന്; സസ്പെൻസിട്ട് ബി.ജെ.പി, കോൺഗ്രസ് വിട്ടുനിൽക്കും

കോട്ടയം: നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ചർച്ച തിങ്കളാഴ്ച. നഗരസഭ ഹാളിൽ രാവിലെ 11നാണ് ചർച്ച.ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് വിപ്പ് നൽകിയതോടെ ബി.ജെ.പി നിലപാട് നിർണായകമായി.

ബി.ജെ.പി കൗൺസിലർമാരും വിട്ടുനിന്നേക്കുമെന്നാണു സൂചന. അങ്ങനെയെങ്കിൽ ക്വാറം തികയാതെ യോഗം പിരിച്ചുവിടേണ്ടിവരും. പിന്നീട്, അവിശ്വാസ പ്രമേയം കൊണ്ടുവരണമെങ്കില്‍ എല്‍.ഡി.എഫിന് ആറുമാസം കാത്തിരിക്കേണ്ടിവരും. ബി.ജെ.പി പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം വിജയിക്കൂ. എന്നാൽ, അവസാനനിമിഷം വരെ ബി.ജെ.പി മനസ്സുതുറന്നിട്ടില്ല.

ഞായറാഴ്ച സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയശേഷം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നിലപാട് പ്രഖ്യാപിക്കുമെന്നാണ് ബി.ജെ.പി ജില്ല നേതാക്കൾ അറിയിക്കുന്നത്. 52 അംഗ കൗൺസിലിൽ എൽ.ഡി.എഫ് -22, യു.ഡി.എഫ് -21, ബി.ജെ.പി -എട്ട് എന്നതാണ് കക്ഷിനില.ഇരുമുന്നണികൾക്കും തുല്യ അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും 38ാം വാർഡ് കൗൺസിലറുടെ മരണത്തോടെയാണ് യു.ഡി.എഫിന്‍റെ അംഗബലം 21ആയത്.

27 അംഗങ്ങൾ ഹാജരായാലേ ക്വാറം തികയൂ. അവിശ്വാസം വിജയിക്കണമെങ്കിലും ഇത്രയും അംഗങ്ങളുടെ പിന്തുണ വേണം. രണ്ടാംതവണയാണ് ബിൻസി സെബാസ്റ്റ്യനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ അവിശ്വാസ നോട്ടീസ് നൽകുന്നത്.

കഴിഞ്ഞതവണ ബി.ജെ.പി കൗൺസിലർമാരുടെ പിന്തുണയോടെ അവിശ്വാസം വിജയിച്ചെങ്കിലും തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ ബിൻസി തന്നെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അവിശ്വാസം വിജയിച്ചു തെരഞ്ഞെടുപ്പ് നടന്നാൽ, ഒരംഗത്തിന്‍റെ മുൻതൂക്കം ഇത്തവണ എൽ.ഡി.എഫിന് നേട്ടമാകും.

Tags:    
News Summary - No-confidence motion discussion in Kottayam Municipal Council today; Suspended BJP, Congress will stay away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.