തൃശൂർ: സംസ്ഥാനത്തെ മുവ്വായിരത്തോളം ബസുകൾ തിങ്കളാഴ്ച മുതൽ സർവിസ് നടത്തില്ല. നികുതിയൊടുക്കിയതിെൻറ സമയപരിധി അവസാനിച്ച ഞായറാഴ്ച സർവിസ് പൂർത്തിയാക്കി അറ്റകുറ്റപ്പണികളുടെ പേരിൽ ബസുകൾ വർക് ഷോപ്പുകളിലേക്ക് മാറ്റി. ഇന്ധനവില വർധിച്ച സാഹചര്യത്തിൽ, നിരക്ക് വർധനവിന് പകരമുള്ള പ്രതിഷേധ സൂചകമായുള്ള ബസുടമകളുടെ വേറിട്ട സമരമാർഗമാണ് ‘കയറ്റിയിടൽ’. ആർ.ടി ഓഫിസുകളിൽ ശനിയാഴ്ച വരെ 3012 ജി.ഫോം അപേക്ഷകളാണ് എത്തിയത്. അപേക്ഷ സമർപ്പിച്ചാൽ അപ്പോൾ തന്നെ സാധാരണയായി അനുമതി നൽകാറുണ്ടെങ്കിലും, കൂട്ടത്തോടെയുള്ള ജി.ഫോം സമർപ്പിക്കുന്നത് പ്രതിഷേധ സൂചകമാണെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പലയിടത്തും അനുമതി നൽകിയിട്ടില്ല.
പരിശോധനക്ക് ശേഷം അനുമതി നൽകാമെന്നാണ് അറിയിച്ചതെന്ന് ബസുടമകൾ പറയുന്നു. അനുമതി നൽകിയവയുടെ കണക്കെടുപ്പ് പൂർത്തിയായില്ലെന്ന് ആർ.ടി അധികൃതർ പറഞ്ഞു. ജി.ഫോം നൽകിയവരിൽ ബസുടമ സംഘടന സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നേനുമുണ്ട്. ജി.ഫോം നൽകുന്നതിലൂടെ മൂന്ന് മാസം നികുതിയൊടുക്കാതെ അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ സർവിസ് നിറുത്താം. ഇങ്ങനെ കൂട്ടത്തോടെ അനുവദിക്കുന്നതിലൂടെ കോടികളാണ് സർക്കാറിന് നികുതി വരുമാന നഷ്ടമുണ്ടാവുന്നത്. സർവിസുകൾ നിറുത്തുന്നതിനൊപ്പം, പ്രതിഷേധം കനപ്പിക്കുന്നതിന് മുമ്പായി ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ബസുടമകൾ വിവരം ധരിപ്പിക്കും. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രിയുടെ ചേംബറിൽ പ്രളയദുരിതാശ്വാസത്തിൽ കാരുണ്യ സർവിസ് നടത്തിയതിലൂടെ സമാഹരിച്ച മൂന്ന് കോടി കൈമാറുന്നതിനൊപ്പമാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് സമയം കണ്ടെത്തിയിട്ടുള്ളത്.
ബസ് സർവിസുകൾ നിറുത്തിവെക്കുന്നതിൽ അധികവും കണ്ണൂർ ജില്ലയിൽ നിന്നാണ്. പിറകെ, എറണാകുളം, കൊല്ലം, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളുമുണ്ട്. നിരക്ക് വർധന ആവശ്യം പ്രായോഗികമല്ലാത്തതിനാൽ ആ വിഷയത്തിൽ തർക്കിക്കാനില്ലെന്ന നിലപാടിലാണ് ബസുടമകൾ. പകരം നികുതിയിളവ്, ഇന്ധന സബ്സിഡി, ബസുടമകൾക്ക് ക്ഷേമനിധി തുടങ്ങിയവയാണ് ഉന്നയിക്കുന്നത്. തങ്ങളുടെ പ്രധാന ആവശ്യമായിരുന്ന ബസുകളുടെ കാലാവധി 15 വർഷത്തിൽ നിന്നും 20 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചതിൽ സന്തോഷത്തിലാണ് ബസുടമകൾ. അതുകൊണ്ടു തന്നെ മറ്റ് കാര്യങ്ങളിലും സർക്കാറിൽ പ്രതീക്ഷയുണ്ടെന്ന് ഹംസ എരിക്കുന്നേൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.