ന്യൂഡൽഹി: എയിംസും പ്രതീക്ഷിച്ച പാക്കേജുമില്ല, ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിൽ കേരളത്തിന് നിരാശമാത്രം. രണ്ടു കേന്ദ്രമന്ത്രിമാരുള്ള കേരളം ഇക്കുറി എയിംസ് യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രഖ്യാപനമുണ്ടായില്ല. വിനോദസഞ്ചാര മേഖലയിൽ വലിയ പ്രതീക്ഷകളുമായി ബജറ്റ് കാത്തിരുന്ന സംസ്ഥാനത്തിന് അവിടെയും നിരാശയായിരുന്നു ഫലം.
24,000 കോടിയുടെ സാമ്പത്തിക പാക്കേജെന്ന കേരളത്തിന്റെ ആവശ്യം ബജറ്റ് കണ്ടില്ല. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി, ജി.എസ്.ടിയിലെ കേന്ദ്ര -സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത് 50:50 ആയി പുനർനിർണയിക്കൽ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽനിന്ന് 75 ശതമാനമാക്കൽ, കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപവത്കരണത്തിലും സംസ്ഥാനങ്ങൾക്ക് അധികാരം ഉറപ്പാക്കൽ എന്നിവയും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രഖ്യാപനങ്ങളും ബജറ്റിൽ സംസ്ഥാനം പ്രതീക്ഷിച്ചതാണ്. എന്നാൽ, റെയിൽവേയുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനവും ഉണ്ടായില്ല. നിലമ്പൂർ -നഞ്ചൻകോട്, അങ്കമാലി -ശബരി, തലശ്ശേരി -മൈസൂരു പാതകളായിരുന്നു കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത്.
റബർ കർഷകർക്ക് താങ്ങുവില, കൊച്ചി മെട്രോ വികസനം, ശബരിമല വിമാനത്താവളം, കോഴിക്കോട് -വയനാട് തുരങ്കപാത, സിൽവർ ലൈൻ, ദേശീയപാത വികസനം എന്നിവയിലെല്ലാം കേരളം പ്രതീക്ഷയർപ്പിച്ചിരുന്നു. കേന്ദ്രാവിഷ്കരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച കേന്ദ്ര വിഹിതത്തിന്റെ കുടിശ്ശികയായി 3686 കോടി ലഭ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
റബർ ബോർഡിന് 320 കോടി, കൊച്ചിൻ കപ്പൽ ശാല 355 കോടി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് 77.55 കോടി, എച്ച്.എൽ.എൽ ലൈഫ് കെയർ 15 കോടി, സ്പൈസസ് ബോർഡ് 130 കോടി, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആൻഡ് സയൻസ് ടെക്നോളജി 129.50 കോടി -ഇതാണ് കേരളത്തിന് വിവിധ പദ്ധതികളിലായി ബജറ്റിൽ വകയിരുത്തിയത്. ഇന്ത്യൻ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങിന് 220 കോടി വകയിരുത്തിയത് തിരുവനന്തപുരത്തെ സിഡാക് കേന്ദ്രത്തിനും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
കേരളത്തിന് ഒന്നുമില്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോൾ ചെമ്മീൻ കൃഷിക്കും കയറ്റുമതിക്കുമുള്ള ഇളവുകളുമുണ്ടല്ലോ എന്നായിരുന്നു ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.